കൊല്ലം: ലഗേജിനു ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്ത കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടറെ കയ്യേറ്റം ചെയ്തു രാജസ്ഥാന് സ്വദേശി. ആറ്റിങ്ങല്‍ ഡിപ്പോയിലെ കണ്ടക്ടര്‍ കല്ലമ്പലം വിആര്‍ കോട്ടേജില്‍ വി റോഷ്നി(45)യാണു ബസിനുള്ളില്‍ ആക്രമണത്തിനിരയായത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ ഉച്ചയോടെ ചിന്നക്കടയിലായിരുന്നു സംഭവം. രാജസ്ഥാന് സ്വദേശിയും വസ്ത്രവ്യാപാരിയുമായ ഓംപ്രകാശിനെ (26) സംഭവത്തില്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. വലതു കൈ ഒടിഞ്ഞ റോഷ്നിയെ ജില്ലാ ആശുപത്രിയിലും തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്തു നിന്നു കൊല്ലത്തേക്കു പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ ആറ്റിങ്ങലില്‍ നിന്നു കയറിയ ഓംപ്രകാശ് മുന്നിലെ സീറ്റിലിരുന്നാണു യാത്ര ചെയ്തത്. ബസിന്റെ പിന്‍ഭാഗത്ത് വലിയ പെട്ടി ഇരിക്കുന്നതു ശ്രദ്ധയില്‍പെട്ട കണ്ടക്ടര്‍ അത് ആരുടേതാണെന്ന് അന്വേഷിച്ചെങ്കിലും ആരും പ്രതികരിച്ചില്ല.
ഓംപ്രകാശിന്റേതാണു പെട്ടിയെന്നു ബോധ്യപ്പെട്ടതോടെ ടിക്കറ്റെടുക്കാന്‍ റോഷ്നി ആവശ്യപ്പെട്ടു. ലഗേജിനു ടിക്കറ്റ് എടുക്കില്ലെന്ന് ഓംപ്രകാശ് വാശി പിടിച്ചെന്നു റോഷ്നി പറയുന്നു. ബസ് കൊല്ലത്ത് എത്താറായപ്പോള്‍ റോഷ്നി സഹായം തേടി ഡിപ്പോയിലേക്കു വിളിച്ചു. ബസ് ചിന്നക്കടയില്‍ എത്തിയപ്പോള്‍ ഓംപ്രകാശ് പെട്ടിയുമായി ഇറങ്ങാന്‍ ശ്രമിച്ചതു റോഷ്നി തടഞ്ഞു.
ക്ഷുഭിതനായ ഓംപ്രകാശ് തന്റെ വലതു കൈ ശക്തമായി തിരിച്ചെന്നും വയറ്റിലും നെഞ്ചിലും ഇടിച്ചെന്നും റോഷ്നി പറഞ്ഞു. ഇടിയേറ്റു റോഷ്നി ബസില്‍ വീണു. ഇതോടെ യാത്രക്കാര്‍ ഓംപ്രകാശിനെ തടഞ്ഞുവച്ച് കൊല്ലം ഡിപ്പോയില്‍ എത്തിച്ചു. അവിടെയും ഇയാള്‍ അക്രമാസക്തനായി. കടന്നുകളയാന്‍ ശ്രമിച്ച ഇയാളെ സെക്യൂരിറ്റി ജീവനക്കാരും യാത്രക്കാരും ചേര്‍ന്നു പിടികൂടി ഈസ്റ്റ് പോലീസിനു കൈമാറുകയായിരുന്നു.