കൊല്ലം: ട്രയിനിനും പ്ലാറ്റ്ഫോമിനുമിടയിലേക്ക് വീണു മരണം മുന്നില്‍ക്കണ്ട ആര്സണ് ഡാനിയേലിനെ അപായച്ചങ്ങല വലിച്ച് ജീവിതത്തിലേക്കു കൈപിടിച്ചുകയറ്റി ടിടിഇ ഷിനിമോള്‍. കഴിഞ്ഞ ദിവസം പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയില്‍ വീണുപോയ കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി ആര്സണ് ഡാനിയേലിനെയാണ് ടിടിഇ ഷിനിമോളുടെ സമയോചിതമായ ഇപെടലില്‍ ജീവിതത്തിലേക്കു തിരികെക്കൊണ്ടുവന്നത്.
ഒരു നിമിഷാര്‍ധം പോലും പാഴാക്കാതെ അപായച്ചങ്ങല വലിച്ച ഷിനിമോളുടെ സമയോചിതമായ ഇടപെടല്‍ അഭിനന്ദാര്‍ഹമാണ്. റിട്ട. റെയില്‍വേ ജൂനിയര്‍ എന്‍ജിനീയറായ ആര്സണ് മറ്റു രണ്ടുപേര്‍ക്കൊപ്പം പാലക്കാട് റെയില്‍വേ ആശുപത്രിയില്‍ പോയി മടങ്ങുമ്പോഴായിരുന്നു അപകടം.
കേരള എക്സ്പ്രസ് ട്രെയിനിന്റെ എസി ബോഗി മുന്പിലായിരിക്കുമെന്ന അറിയിപ്പ് കേട്ട് ആര്സണ് പ്ലാറ്റ്ഫോമിന്റെ ആദ്യഭാഗത്തു കാത്തുനിന്നു. അതേ, ട്രെയിനില്‍ പാലക്കാട് – തിരുവനന്തപുരം ഡ്യൂട്ടിയായിരുന്നു ഷിനിക്കും. ട്രെയിന്‍ എത്തിയപ്പോഴാണ് എസി ബോഗി പിന്നിലാണെന്ന് അറിയുന്നത്. ഇതോടെ എല്ലാവരും അങ്ങോട്ട് ഓടി.
നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ഷിനിമോള്‍ ചാടിക്കയറി. ഒരു കയ്യില്‍ ഭക്ഷണപ്പൊതിയും മറുകയ്യില്‍ ബാഗുമായി ഒരാള്‍ വീഴുന്നത് അതിനിടെ ഷിനിമോള്‍ കണ്ടിരുന്നു. ‘ചെയിന്‍ വലിക്ക്’ എന്ന് അലറി അകത്തേക്ക് കയറി, ഷിനിമോള്‍ തന്നെ ചങ്ങല വലിച്ചു. ട്രെയിന്‍ നിന്നു ആര്‍പിഎഫും യാത്രക്കാരും കൂടി ആര്സണെ പുറത്തെടുത്ത് ആശുപത്രിയിലേക്കു കൊണ്ടുപോയി. തലയില്‍ നേരിയ പരുക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മുണ്ടയ്ക്കല്‍ റസിഡന്റ്സ് അസോസിയേഷന് സെക്രട്ടറിയും റെയില്‍വേ പെന്‍ഷനേഴ്സ് അസോസിയേഷന് വര്‍ക്കിങ് പ്രസിഡന്റുമാണ് ആര്സണ് ഡാനിയേല്‍. ജോലിക്കു കയറി കൃത്യം 16 വര്‍ഷമാകുന്ന മാര്‍ച്ചിന് 5ന് തന്നെയാണ് ഷിനിമോള്‍ ഒരു ജീവന് രക്ഷയായത്.
മക്കളായ മൂന്നുവയസ്സുകാരി അനാമികയെയും രണ്ടുവയസ്സുകാരി വൈഗയെയും വീട്ടിലാക്കിയാണ് ഷിനിമോള്‍ ട്രെയിനില്‍ നിരന്തരം യാത്ര ചെയ്യേണ്ട ജോലിക്കു പുറപ്പെടുന്നത്. ഭര്‍തൃമാതാവ് വസന്തയാണ് അപ്പോള്‍ രണ്ടു കുട്ടികളുടെയും നോക്കുന്നത്. ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥന് വിപിന്‍ ആണ് ഭര്‍ത്താവ്.
2005ല്‍ അന്തര്‍ സര്‍വകലാശാലാ മീറ്റില്‍ റെക്കോര്‍ഡ് നേട്ടത്തോടെയാണ് റെയില്‍വേയില്‍ ജോലിക്കു കയറിയത്. 2004ലെ കോളജ് ഗെയിംസില്‍ ഹെപ്റ്റാത്തലണില്‍ അഞ്ജു ബോബി ജോര്‍ജിന്റെ റെക്കോര്‍ഡ് തകര്‍ത്ത കായികതാരം കൂടിയാണ് ഷിനിമോള്‍.