കൊല്ലം: അതിജീവനത്തിന്റെ സമാനതകളില്ലാത്ത മാതൃകയാണ് പത്തനാപുരത്തെ സിപിഎം പ്രവര്‍ത്തകയായ ആനന്ദവല്ലി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പത്തനാപുരത്ത് ബ്ലോക്ക് പഞ്ചായത്ത് യോഗം നടക്കുമ്പോള്‍ അംഗങ്ങള്‍ക്ക് ചായയുമായി കൗണ്‍സില്‍ ഹാളില്‍ എത്തിയിരുന്ന ആനന്ദവല്ലി ഇനി അതേ ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റായി ഉണ്ടാകും.
ഒരു പതിറ്റാണ്ടായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ താല്‍ക്കാലിക ശുചീകരണ തൊഴിലാളിയാണ് ആനന്ദവല്ലി. തൂപ്പും തുടപ്പും മാത്രമല്ല, ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും ചായ ഉണ്ടാക്കുന്നത് ഉള്‍പ്പെടെ ജോലികള്‍ പലതായിരുന്നു.
ഇതിനിടെയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് തലവൂര്‍ ഡിവിഷനില്‍ നിന്ന് മത്സരിക്കാന്‍ സിപിഎം ആനന്ദവല്ലിയോട് ആവശ്യപ്പെടുന്നത്. പാര്‍ട്ടിയുടെ തീരുമാനപ്രകാരം പട്ടികജാതി ജനറല്‍ സീറ്റില്‍ ജനവിധി തേടാന്‍ അവര്‍ തയ്യാറായി. 654 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തലവൂരില്‍ വിജയക്കൊടി പാറിച്ചപ്പോള്‍ ആനന്ദവല്ലിയെ പാര്‍ട്ടി പ്രസിഡന്റായി നിശ്ചയിക്കുകയായിരുന്നു.
അപ്രതീക്ഷിതമായി ലഭിച്ച അംഗീകരത്തിന്റെ സന്തോഷത്തിലാണ് തലവൂര്‍ ഞാറക്കാട്ടെ ശ്രീനിലയം വീട്. സിപിഎം ലോക്കല്‍ കമ്മറ്റി അംഗമായ ഭര്‍ത്താവ് മോഹനന് പെയിന്റിംഗ് തൊഴിലാളിയാണ്. ബിരുദ വിദ്യാര്‍ത്ഥിയായായ മിഥുന് മോഹന്‍, പ്ലസ് ടു വിദ്യാര്‍ത്ഥി കാര്‍ത്തിക് എന്നിവര്‍ മക്കളാണ്.
13 അംഗ പത്തനാപുരം ബ്ലോക്ക് പഞ്ചായത്തില്‍ ഏഴ് അംഗങ്ങള്‍ എല്‍ഡിഎഫിനും ആറ് അംഗങ്ങള്‍ യുഡിഎഫിനുമുണ്ട്. സിപിഐ പ്രതിനിധികള്‍ വിജയിക്കാത്തതിനാല്‍ അഞ്ച് വര്‍ഷവും പ്രസിഡന്റ് പദവി സിപിഎമ്മിനാകും.