എഴുകോണ്‍: ബൈക്ക് യാത്രികരായ ദമ്പതികളെ അടിച്ചുവീഴ്ത്തി 9 പവന്റെ സ്വര്‍ണമാല കവര്‍ന്നതായി പരാതി. കൊട്ടാരക്കര പുലമണ്‍ ജംക്ഷനില്‍ വാടകയ്ക്ക് താമസിക്കുന്ന ജോബിനെ(24)യും ഭാര്യ അഖിന(20)യെയുമാണ് സ്കൂട്ടറില്‍ എത്തിയ മൂന്നംഗ സംഘം ആക്രമിച്ചു മാല കവര്‍ന്നത്.
കഴിഞ്ഞ ദിവസം രാത്രി 7.45ന് എഴുകോണ്‍ കാക്കക്കോട്ടൂര്‍ വലിയ പണിക്കത്തിക്കാവിനു സമീപമായിരുന്നു സംഭവം. ആക്രമണത്തില്‍ പരുക്കേറ്റ ദമ്പതികള്‍ മൂന്നാംകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
അഖിനയുടെ മാതാവും സഹോദരിയും ഇവിടെ അടുത്താണ് താമസിക്കുന്നത്. അഖിനയുടെ കുഞ്ഞും ഇവരോടൊപ്പമാണ്. ഈ വീട്ടിലേക്കു പോകും വഴിയായിരുന്നു ആക്രമണം. എതിരെ സ്കൂട്ടറില്‍ വന്ന മൂന്നംഗ സംഘം ഇവരുടെ ബൈക്കില്‍ ഇടിക്കാന്‍ ശ്രമിക്കുകയും ബൈക്ക് ഒഴിച്ചു മാറ്റിയപ്പോള്‍ ഇരുവരെയും ചവിട്ടി നിലത്തിടുകയും ഹെല്‍മറ്റ് ഉപയോഗിച്ച് മര്‍ദിച്ചെന്നുമാണു പരാതി.
അടിയേറ്റ് അഖിനയുടെ മുഖത്തും ജോബിന്റെ കൈയ്ക്കും കാലിനും പരുക്കേറ്റു. ഇതിനിടയില്‍ മാല പൊട്ടിച്ചെടുത്ത സംഘം കടന്നുകളഞ്ഞു. സംഭവ സമയം റോഡില്‍ മറ്റാരും ഉണ്ടായിരുന്നില്ലെന്നു പറയുന്നു. ഇവര്‍ ഫോണ്‍ വിളിച്ചപ്പോഴാണ് വീട്ടുകാരും വിവരം അറിഞ്ഞത്.
ഉടന്‍ തന്നെ എഴുകോണ്‍ പോലീസില്‍ പരാതി നല്കി. സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു വരികയാണെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.