കാഞ്ഞങ്ങാട്: വയറു നിറയെ ഭക്ഷണം കട്ടുതിന്നതിനു ശേഷം പുറത്തിറങ്ങാന്‍ നോക്കിയപ്പോള്‍ പെട്ടു. ഗ്രില്ലിനിടയില്‍ കുടുങ്ങിയ പൂച്ചയെ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. ആവിയിലെ ഖദീജയുടെ വീട്ടില്‍ ഇന്നലെ രാവിലെയാണ് സംഭവം.
വയറു നിറച്ച് ഭക്ഷണം കഴിച്ച ശേഷം പൂച്ച ഗ്രില്ലിന്റെ വിടവിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചതായിരുന്നു. എന്നാല്‍ തല ഗ്രില്ലിന്റെ വിടവില്‍ കുടുങ്ങിപ്പോയി. കരച്ചില് കേട്ട് ഖദീജ എത്തി നോക്കിയപ്പോള്‍ തല ഗ്രില്ലില്‍ കുടുങ്ങിയ പൂച്ചയെയാണ് കണ്ടത്. വീട്ടുകാര്‍ ചേര്‍ന്നു രക്ഷപ്പെടുത്താന്‍ നോക്കിയെങ്കിലും പൂച്ച അക്രമിക്കുന്നതിനാല്‍ ഉപേക്ഷിച്ചു.
പിന്നീട് അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ ടി അശോക് കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ സേന ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ഗ്രില്‍ വിടര്‍ത്തി പൂച്ചയെ രക്ഷപ്പെടുത്തി. ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ അരുണ്‍, അതുല്‍, ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ ഡ്രൈവര്‍ കെ.ടി.ചന്ദ്രന്, ഹോംഗാര്‍ഡ് കൃഷ്ണന് എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.