കാസര്‍കോട്: അയല്‍വാസിയോട് കടം വാങ്ങിയ 200 രൂപയുമായി സാന്ത്വന സ്പര്‍ശം അദാലത്തിലെത്തില്‍ കണ്ണീരണിഞ്ഞെത്തിയ രമണിയെ ചേര്‍ത്തുപിടിച്ച് മന്ത്രി കെകെ ശൈലജ. കുടിക്കാന്‍ വെള്ളമില്ല, വൈദ്യുതി കണക്ഷന് ലഭിക്കാന്‍ കെഎസ്ഇബി ആവശ്യപ്പെടുന്നത് 1.85 ലക്ഷം രൂപ, കാഴ്ച കുറവായതിനാല്‍ എഴുന്നേറ്റ് നടക്കാന്‍ പോലും ബുദ്ധിമുട്ട് തുടങ്ങിയ പരാതികള്‍ കേട്ട മന്ത്രി രമണിക്ക് സഹായങ്ങള്‍ വാരിക്കോറി നല്‍കിയാണ് അവരെ മടക്കി അയച്ചത്.
ഇവരുടെ വീട്ടിലേക്ക് വൈദ്യുതിയും വെള്ളവും എത്തിക്കാന്‍ കെഎസ്ഇബിക്കും ജലഅതോറിറ്റിക്കും നിര്‍ദേശം നല്‍കുകയാണ് മന്ത്രി ആദ്യം ചെയ്തത്. കണ്ണിന്റെ ശസ്ത്രക്രിയയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 20,000 രൂപയും അദാലത്തില്‍ എത്താന്‍ വണ്ടിക്കൂലിയായി അയല്‍വാസിയോട് കടം വാങ്ങിയ 200 രൂപയ്ക്കു പകരമായി ഗണ്‍മാന്റെ കയ്യില്‍ നിന്നു വാങ്ങി 200 രൂപയും മന്ത്രി നല്കിയപ്പോള് രമണിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
രമണിയുടെ ഭര്‍ത്താവ് വിശ്വംഭരന് 22 വര്‍ഷം മുന്‍പ് ഹൃദയാഘാതം മൂലം മരിച്ചു. ഏക മകന് വിജിത്തിനെ കാണാതായിട്ട് മൂന്നര വര്‍ഷം. സങ്കടങ്ങള്‍ പേറി വാടക വീട്ടില്‍ കഴിയുകയായിരുന്ന ഇവര്‍ക്ക് ഒരു വര്‍ഷം മുന്‍പ് 10 സെന്റ് ഭൂമി സര്‍ക്കാര്‍ പട്ടയം നല്കി. എന്നാല്‍ വീട് നിര്‍മിക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ വാടക വീട്ടിലായിരുന്നു താമസം. വിധവാ പെന്ഷന് മാത്രമാണ് ഏക വരുമാന മാര്‍ഗം.
വീടിന്റെ വാടക കൊടുക്കാന്‍ നിവൃത്തിയില്ലാതെ വന്നതോടെ കയ്യിലുണ്ടായിരുന്ന സ്വര്‍ണമെല്ലാം വിറ്റ് പട്ടയ ഭൂമിയില്‍ ഒറ്റ മുറി കൂര നിര്‍മ്മിച്ച് താമസം മാറ്റി. അവിടെ വെള്ളം ഇല്ലാത്തതിനാല്‍ ടാങ്കര്‍ ലോറിയില്‍ നിന്ന് വില കൊടുത്താണ് വെള്ളം വാങ്ങുന്നത്. വൈദ്യുതിക്ക് അപേക്ഷിച്ചപ്പോള്‍ 1.85 ലക്ഷം രൂപ അടയ്ക്കണമെന്ന് കെഎസ്ഇബിയുടെ മറുപടി. തൊട്ടടുത്ത് പോസ്റ്റുകള്‍ ഇല്ലാത്തതിനാല്‍ പുതിയതായി പോസ്റ്റുകള്‍ സ്ഥാപിക്കാനാണ് ഈ തുക.
പലവട്ടം കലക്ടറെയും മറ്റും കണ്ടെങ്കിലും പരിഹാരമുണ്ടായില്ല. അങ്ങനെയാണ് അദാലത്തിനെക്കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് ഇന്നലെ രാവിലെ കാസര്‍കോട്ടേക്ക് പുറപ്പെട്ടു. കലക്ടറേറ്റിലാണ് അദാലത്ത് എന്നു കരുതി അങ്ങോട്ടാണ് ആദ്യം പോയത്. ഇവരുടെ ദുരിതം മനസിലാക്കിയ ഒരു ജീവനക്കാരി ഓട്ടോക്കൂലി നല്കി അദാലത്ത് നടക്കുന്ന മുനിസിപ്പല്‍ ഹാളില്‍ എത്തിക്കുകയായിരുന്നു. ദുരിതാശ്വാസനിധിയില്‍ നിന്നു ലഭിക്കുന്ന തുക കൊണ്ട് കണ്ണിന്റെ ശസ്ത്രക്രിയ നടത്തി നഷ്ടപ്പെട്ട കാഴ്ച തിരിച്ചുപിടിക്കണമെന്നാണ് രമണിയുടെ ഇപ്പോഴത്തെ ആഗ്രഹം.