കണ്ണൂര്‍: സംസ്ഥാന പോലീസില്‍ ആദ്യമായി ബൈസിക്കിള്‍ പട്രോളിങ് ആരംഭിക്കുന്നു. നഗരം നിരീക്ഷിക്കാനായി പോലീസ് ഇനി മുതല്‍ സൈക്കിളില്‍ കറങ്ങും. ഇപ്പോഴിതാ പെഡല്‍ പോലീസ് (ബൈസിക്കിള്‍ പട്രോളിങ് ) സംവിധാനവുമായി രംഗത്തെത്തുകയാണു ജില്ലാ പോലീസ്.
അടുത്ത ആഴ്ച ബൈസിക്കിള്‍ പട്രോളിങ് ആരംഭിക്കാനാണു തീരുമാനം. സംസ്ഥാന പോലീസിലെ ആദ്യ സംരംഭം കൂടിയാണു കണ്ണൂരില്‍ ആരംഭിക്കുന്നത്. റിഫ്ലക്ടീവ് ജാക്കറ്റ്, ഹെല്‍മറ്റ്, സൈറണ്‍, അള്‍ട്രാ ബ്രൈറ്റ് ലൈറ്റ്, കാരിയര്‍, വാട്ടര്‍ ബോട്ടില്‍ ഹോള്‍ഡര്‍, മൊബൈല്‍ ഫോണ്‍ ഹോള്‍ഡര്‍ തുടങ്ങിയവ ഒരു സൈക്കിളില്‍ ഉണ്ടാകും.
പട്രോളിങ് വാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ പോലീസിനു ബൈസിക്കിള്‍ പട്രോളിങ് വലിയ ഉപകാരമാകും. വാഹന പട്രോളിങിനേക്കാള് ഇരട്ടിയില്‍ അധികം ആളുകളുമായി ബന്ധപ്പെടാന്‍ കഴിയും. മാത്രമല്ല തീര്‍ത്തും പരിസ്ഥിതി സൗഹൃദമാണെന്ന പ്രത്യേകതയുമുണ്ട്.
ആരോഗ്യകരമായ ശീലങ്ങളിലൊന്നായി കണ്ണൂര്‍ നഗരം സൈക്ലിങ്ങിനെ നേരത്തേ തന്നെ സ്വീകരിച്ചിരുന്നു. പട്രോളിങ്ങിലെ വേറിട്ടൊരു പ്രത്യേകതയായി ജില്ലയില്‍ പെഡല്‍ പോലീസ് സംവിധാനം മാറുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. കണ്ണൂര്‍ സിറ്റിപോലീസിനു കണ്ണൂര്‍ ബൈസിക്കിള്‍ മേയര്‍ ഷാഹിന്‍ പള്ളിക്കണ്ടി 2 സൈക്കിള്‍ സംഭാവന ചെയ്യും.