കണ്ണൂര്‍: ബിജെപി പിന്തുണ വേണ്ടെന്ന് തലശ്ശേരിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീര്‍ പ്രതികരിച്ചതായി റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്നും സഹായങ്ങളൊന്നും ലഭിച്ചില്ലെന്നും നസീര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കാമെന്നാണ് ബിജെപി നേതൃത്വം പറഞ്ഞത്. എന്നാല്‍ പ്രചാരണത്തിലുള്‍പ്പെടെ ബിജെപി സഹകരിക്കുന്നില്ലെന്നും സിഒടി നസീര്‍ പറഞ്ഞു.
നേരത്തേ ബിജെപിയുടെ പിന്തുണ തേടി സിഒടി നസീര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. പിന്തുണയ്ക്കാമെന്ന് ബിജെപി മറുപടിയും നല്കി. എന്നാല്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ബിജെപി സഹകരിക്കുന്നില്ലെന്നാണ് സിഒടി നസീറിന്റെ പരാതി. ബിജെപിയുടെ പിന്തുണ പ്രഖ്യാപനത്തില്‍ മാത്രമായി ഒതുങ്ങിയെന്നും അതിനപ്പുറത്തേയ്ക്ക് ഒന്നും ഉണ്ടായില്ലെന്നും സിഒടി നസീര്‍ കുറ്റപ്പെടുത്തി.
തലശ്ശേരി നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിപ്പോയിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസിന്റെ പത്രികയാണ് തള്ളിയത്. നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം ചിഹ്നം അനുവദിക്കാന്‍ നല്കിയ ഫോമില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്റെ ഒപ്പില്ലാത്തത് കൊണ്ടാണ് ഹരിദാസിന്റെ പത്രിക തള്ളിയത്.
ഇതോടെയാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഇന്ത്യന്‍ ഗാന്ധീയന്‍ പാര്‍ട്ടിയുടെ നേതാവ് സിഒടി നസീറിന് പിന്തുണ നല്‍കുന്നതായി ബിജെപി പ്രഖ്യാപിച്ചത്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് ഇരയായ വ്യക്തിയെന്ന നിലയിലാണ് പിന്തുണയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വ്യക്തമാക്കിയിരുന്നു.