കണ്ണൂര്‍: കൊവിഡ് കാലത്ത് കോണ്‍ഗ്രസ് നിശബ്ദരായി, കോണ്‍ഗ്രസുകാര്‍ ജനങ്ങളില്‍ നിന്ന് അകലുന്നുവോ എന്ന് സംശയിക്കുന്നതായി കെ സുധാകരന് എംപി. യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസുകാര്‍ ജനങ്ങളില്‍ നിന്ന് അകലുന്നുവോ എന്നും ജനങ്ങളുടെ ദൈനംദിന ഭാഗങ്ങളില്‍ നിന്നും മാറിനില്ക്കുന്നുവോ എന്നും സംശയിക്കുന്നു വെന്ന് കെ സുധാകരന്. ഇത് ഇരിക്കൂറില്‍ ശരിയാകണമെന്നില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു പറ്റിയ അപകടം ഇടതുപക്ഷ സര്‍ക്കാരിന്റെ തെറ്റുകളും കുറ്റങ്ങളും ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കാത്തതാണ്. യുഡിഎഫ് എതിരിടുന്നത് പിണറായി വിജയന് സര്‍ക്കാരിനെയാണെന്നും അദ്ദേഹം പറഞ്ഞു.
അന്ന് കൊവിഡ് കാരണം വീടുകളിലെത്തി വിശദീകരിക്കാന്‍ പറ്റിയ സാഹചര്യം അല്ലായിരുന്നു. എന്നാല്‍ സിപിഎം വളണ്ടിയര്‍ കാര്‍ഡുണ്ടാക്കി എല്ലാവരിലും പെന്‍ഷനും കിറ്റും എത്തിച്ചപ്പോള്‍ കോണ്‍ഗ്രസ് നിശബ്ദരായി. ഡിവൈഎഫ്ഐക്ക് മാത്രമാണ് കാര്‍ഡ് കൊടുത്തതെന്നും അദ്ദേഹം ആരോപിച്ചു.
പെന്ഷന് പാസാക്കിയത് യുഡിഎഫ് സര്‍ക്കാരാണ്. പെന്ഷന് വീടുകളിലെത്തിക്കാനുള്ള സ്കീം ഉണ്ടാക്കിയത് മാത്രമാണ് ഇടതുപക്ഷം ചെയ്തത്. ഫണ്ട് നല്കാന് തീരുമാനിച്ചത് യുഡിഎഫ് സര്‍ക്കാരാണ്. പെന്ഷന് തുക 6000 രൂപയായി വര്‍ധിപ്പിക്കും.
പൊതു ഖജനാവ് ഇത്രത്തോളം കൊള്ളയടിച്ച സര്‍ക്കാര്‍ ഇന്ത്യാ രാജ്യത്ത് എവിടെയുമില്ല. പിണറായി വിജയന് അധികാരത്തിലെത്തിയപ്പോള്‍ ജനങ്ങള്‍ അഭിമുഖീകരിച്ചത് ഓഖി, നിപ്പ, പ്രളയങ്ങള്‍, കൊവിഡ്. ഇപ്പോഴും കൊവിഡില്‍ നിന്ന് കേരളം മോചിതമായിട്ടില്ല. മറ്റ് സംസ്ഥാനങ്ങള്‍ കൊവിഡില്‍ നിന്ന് മുക്തമായി. കേരളത്തില്‍ കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നുവെന്നും കെ സുധാകരന് കുറ്റപ്പെടുത്തി.