കണ്ണൂര്‍: ധര്‍മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്നു ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍. ഇക്കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അറിയിച്ചു.
ദേവരാജനെ മത്സരിപ്പിക്കാമെന്ന പ്രതീക്ഷയില്‍ ധര്‍മടം മണ്ഡലം കോണ്‍ഗ്രസ് ഒഴിച്ചിട്ടിരിക്കുകയാണ്. എന്നാല്‍ സിപിഎം പിബി അംഗത്തിനെതിരെ ദേശീയ സെക്രട്ടറി മത്സരിക്കേണ്ടെന്ന ഫോര്‍വേഡ് ബ്ലോക്ക് കേന്ദ്രകമ്മിറ്റി നിലപാട് സംസ്ഥാന കമ്മിറ്റിയും അംഗീകരിച്ചു.
താന്‍ അല്ലാതെ പാര്‍ട്ടിയുടെ മറ്റാരെങ്കിലും മത്സരിച്ചാല്‍ മതിയെങ്കില്‍ അതിനു തയ്യാറാണെന്നും ദേവരാജന്‍ കോണ്‍ഗ്രസ് നേതൃത്വത്തോടു വ്യക്തമാക്കി. ഇതോടെ ധര്‍മടത്ത് ഇനിയാര് എന്നതിനു കോണ്‍ഗ്രസിന് ഉത്തരം കണ്ടെത്തേണ്ടിവരും. ബിജെപി ഇവിടെ ദേശീയ സമിതിയംഗം സികെ പത്മനാഭനെയാണു പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം, സ്ഥാനാര്‍ഥിത്വം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ലളിത സുഭാഷ് രാജിവച്ചു. ഡല്‍ഹിയില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ടതിനു പിന്നാലെയാണ് തിരുവനന്തപുരത്ത് ശക്തമായ നിലപാട് പ്രഖ്യാപിച്ച് ലതിക രാജിവയ്ക്കുകയാണെന്നു പ്രഖ്യാപിച്ചത്.
ഇതോടൊപ്പം അവര്‍ തലമുണ്ഡനം ചെയ്ത് നിലപാടുറപ്പിക്കുകയും ചെയ്തു. പിണറായി വിജയന് സര്‍ക്കാരിന്റെ സ്ത്രീ വിരുദ്ധ നയങ്ങളിലും കഠ്വ സംഭവത്തില്‍ ഉള്‍പ്പെടെ നരേന്ദ്ര മോഡി സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങളിലും പ്രതിഷേധിച്ചാണ് താന്‍ തല മുണ്ഡനം ചെയ്യുന്നതെന്നും ലതിക പറഞ്ഞു.