ചെറുപുഴ: വീടു പണി നടക്കുമ്പോള്‍ കറണ്ട് പോയാല്പിന്നെ തീര്‍ന്നു…! ആ ദിവസത്തെ പണി മടങ്ങിയതുതന്നെ. എന്നാല്‍ ചെറുപുഴ വാണിയംകുന്നിലെ പൊടിമറ്റത്തില്‍ ജോഷി ജോസഫിന് കറണ്ട് പോയാലും ‘നോ ടെന്‍ഷന്‍’ ആണ്. കാരണം ജോഷിയുടെ വീടുപണി നടക്കുന്നത് സോളര്‍ വൈദ്യുതിയിലാണ്.
ഒരു ഘട്ടത്തില്‍ പോലും കെഎസ്ഇബിയെ ആശ്രയിക്കാതെ വീടു നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുകയാണു ചെറുപുഴ വാണിയംകുന്നിലെ പൊടിമറ്റത്തില്‍ ജോഷി ജോസഫ്. സോളര്‍ വൈദ്യുതി ഒരുക്കിയ ശേഷം കുഴല്‍ കിണര്‍ നിര്‍മിക്കുകയും പിന്നാലെ വീടുപണി ആരംഭിക്കുകയുമാണു ജോഷി ചെയ്തത്. ഇതുകാരണം വൈദ്യുതിയുടെ പേരില്‍ ഒരു ദിവസം പോലും വീടുപണി നിര്‍ത്തിവയ്ക്കേണ്ടി വന്നില്ലെന്നു ജോഷി പറഞ്ഞു.
സോളര്‍ പാനലിനും ബാറ്ററി യൂണിറ്റിനുമായി 130000 രൂപയാണു ചെലവഴിച്ചത്. സൂര്യന് ഉദിച്ചു 11 മണിയാകുമ്പോഴേക്കും ബാറ്ററികള്‍ പൂര്‍ണമായും ചാര്‍ജായി കഴിയും. കുഴല്‍കിണറിലെ മോട്ടര്‍, വീട്ടിലെ ഫാന്‍, മിക്സി, ഫ്രിജ്, ടിവി, ഇസ്തിരിപ്പെട്ടി തുടങ്ങി എല്ലാ ഉപകരണങ്ങളും സോളാറില്‍ നിന്നു ലഭിക്കുന്ന വൈദ്യുതി കൊണ്ടാണു പ്രവര്‍ത്തിപ്പിക്കുന്നത്.
ഇതിനുപുറമെ പച്ചക്കറികള്‍ക്കും മറ്റും ജലസേചനം നടത്താനും ഉപയോഗിക്കുന്നു. ചെറുപുഴയിലും വാഴക്കുണ്ടത്തും ഇന്‍വെര്‍ട്ടര്‍ ഷോപ്പ് നടത്തുകയാണു ജോഷി. സോളര്‍ സംവിധാനം ഒരുക്കിയ വകയില്‍ ചെലവായ തുക 3 വര്‍ഷം കൊണ്ടു മുതലാക്കാന്‍ സാധിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്.
2 ദിവസം തുടര്‍ച്ചയായി സൂര്യപ്രകാശം കിട്ടാതിരുന്നാലും ജോഷിയുടെ വീട്ടില്‍ പവര്‍കട്ട് ഉണ്ടാകാറില്ല. വൈദ്യുതി ബില്ലിന്റെ കാര്യത്തിലും ഈ കുടുംബത്തിന് നോ ടെന്‍ഷന്‍.