കട്ടപ്പന: രക്ഷിതാക്കളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി സ്ക്കൂളിലെ 75 കുട്ടികള്‍ക്ക് ഓണക്കോടി സമ്മാനം നല്കി അധ്യാപിക. മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് ഓണക്കോടികള്‍ സമ്മാനം നല്കി പ്രൈമറി വിഭാഗം അധ്യാപിക ലിന്‍സി ജോര്‍ജ് ആണ് സമൂഹത്തിന് മാതൃകയായത്.
കൊവിഡ് മൂലം അധ്യാപകരെയും സഹപാഠികളെയും കാണാനാകാതെ വീടുകളില്‍ കഴിയുന്ന കുട്ടികളുടെ മാനസിക ഉല്ലാസത്തിനും രക്ഷിതാക്കളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയുമാണ് അധ്യാപികയുടെ മാതൃകാപരമായ പ്രവര്‍ത്തനം.
സുഹൃത്തുക്കളില്‍ നിന്നും മറ്റുമായി 40,000 രൂപ സമാഹരിച്ചാണ് അധ്യാപിക ഓണക്കോടി നല്കാന് ആവശ്യമായ തുക കണ്ടെത്തിയത്. 1 മുതല്‍ 4 വരെയുള്ള ക്ലാസുകളിലെ 43 ആണ്‍കുട്ടികള്‍ക്ക് മുണ്ടും ടീഷര്‍ട്ടും 32 പെണ്‍കുട്ടികള്‍ക്ക് പാവാടയും ബ്ലൗസും തയ്ക്കാനുള്ള തുണിയുമാണ് നല്‍കുന്നത്.
ഓണക്കോടിയുടെ വിതരണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ അബ്ദുല്‍ റസാക്ക്, പിടിഎ പ്രസിഡന്റ് കെആര്‍ സുകുമാരന്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ലോക്ഡൗണ്‍ കാലത്ത് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യക്കിറ്റുകളും മാലിന്യ സംസ്കരണ യൂണിറ്റുകളും ഗണിത കിറ്റുകളും എത്തിച്ചു നല്കി ഈ അധ്യാപിക ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ചിരുന്നു.