നെടുങ്കണ്ടം: വാക്സീന് ചലഞ്ചിലേക്ക് കുഞ്ഞു സമ്പാദ്യം നല്കി ആറു വയസുകാരി. ഉടുമ്പന്‍ചോല ഇടിയാനയില്‍ പ്രിന്‍സ് യമുന ദമ്പതികളുടെ മകളായ ദിയ ഫിലിപ് ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു വര്‍ഷമായി മോതിരം വാങ്ങാനായി കുടുക്കയില്‍ സൂക്ഷിച്ചിരുന്ന പണം നല്‍കിയത്.
ദിയ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെത്തി നെടുങ്കണ്ടം എസ്ഐ എകെ സുധീറിനു കുടുക്ക കൈമാറി. പോലീസുകാരും ദിയയും ചേര്‍ന്ന് പണം ഉടുമ്പന്‍ചോല തഹസില്‍ദാര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനായി നല്കി.
കുടുക്കയില്‍ ഒരു വര്‍ഷത്തെ ദിയയുടെ സമ്പാദ്യം 1734 രൂപയുണ്ടായിരുന്നു. പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായി ഉടുമ്പന്‍ചോല തഹസില്‍ദാര്‍ അറിയിച്ചു. പണം സൂക്ഷിക്കാന്‍ അപ്പൂപ്പന് ദിയക്ക് കഴിഞ്ഞ ലോക് ഡൗണ്‍ കാലത്ത് സമ്മാനിച്ചതാണ് ചെറിയ കുടുക്ക.
കൃഷിയില്‍ നിന്നുള്ള ചെറു വരുമാനവും മാതാപിതാക്കളും വല്യപ്പനും നല്കിയ ചെറിയ തുകകളുമാണ് ദിയ കുടുക്കയില്‍ സൂക്ഷിച്ചിരുന്നത്. വിവരം അറിഞ്ഞു ആയിരക്കണക്കിനു പേരാണ് ദിയക്ക് അഭിനന്ദനവുമായെത്തിയത്.
അതേസമയം, മുഖ്യമന്ത്രി സമ്മാനം നല്‍കുമെന്ന പ്രതീക്ഷയില്‍ വീട്ടുമുറ്റത്ത് ദിയ പച്ചക്കറി കൃഷിയും ആരംഭിച്ചിരുന്നു. ലോക്ഡൗണില്‍ വാര്‍ത്തകള്‍ കണ്ടാണ് കൃഷി തുടങ്ങിയത്. ഉരുളക്കിഴങ്ങ്, കാരറ്റ്, പയര്‍ എന്നിവയാണ് പ്രധാന കൃഷി.