കുഞ്ചിത്തണ്ണി: റോഡരികുകളിലും വഴിവക്കുകളിലും മാലിന്യം വലിച്ചെറിയുന്നവരുടെ ശ്രദ്ധയ്ക്ക്. മാലിന്യത്തിനെതിരെ അധികൃതര്‍ നടപടി കടുപ്പിച്ചു തുടങ്ങി. റോഡരികില്‍ മാലിന്യം തള്ളിയവരെ കണ്ടെത്തി അത് തിരികെ എടുപ്പിച്ചു മാതൃകയാകുകയാണ് പള്ളിവാസല്‍ പഞ്ചായത്ത്.
ചിത്തിരപുരം തട്ടാത്തിമുക്കിലെ റോഡരികിലാണ് സംഭവം. പള്ളിവാസല്‍ പഞ്ചായത്ത് അധികൃതരും ചിത്തിരപുരം സിഎച്ച്സിയിലെ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് മാലിന്യം തള്ളിയവരെ കൊണ്ട് തന്നെ തിരികെയെടുപ്പിച്ചത്.
സമീപത്തെ ഒരു റിസോര്‍ട്ടിലെയും കച്ചവട സ്ഥാപനത്തിലെയും മാലിന്യമാണ് ആനച്ചാല്‍-മൂന്നാര്‍ റോഡരികില്‍ തള്ളിയത്. മാലിന്യം തള്ളിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, പുത്തൂരില്‍ വഴിയോരത്ത് മാലിന്യം വലിച്ചെറിഞ്ഞയാളെകൊണ്ടു തന്നെ വാരിയെടുപ്പിച്ചത് കഴിഞ്ഞദിവസം വാര്‍ത്തയായിരുന്നു. മാലിന്യം വലിച്ചെറിഞ്ഞവരെക്കൊണ്ടു അതു വാരിയെടുപ്പിക്കുക മാത്രമല്ല, പ്രായശ്ചിത്തമായി നെല്ലിമരം നട്ടുപിടിപ്പിക്കുകയും നല്ലതു പഠിക്കാന്‍ ഗാന്ധിജിയുടെ ആത്മകഥ പുസ്തകവും നല്കി നാണംകെടുത്തിയാണ് അവരെ മടക്കിയയച്ചത്. പുസ്തക ഗ്രാമത്തിന്റെ പേരും പെരുമയുമുള്ള പെരുങ്കുളത്താണ് സംഭവം.