അടിമാലി: ആദിവാസി കുടിലില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ഇനി കിലോമീറ്ററുകള്‍ നടന്നു പോയി പരീക്ഷ എഴുതേണ്ട. പരീക്ഷയ്ക്ക് പോകാന്‍ പഞ്ചായത്ത് അംഗം വാഹനം വിട്ടു നല്കി.
വിദ്യാര്‍ത്ഥിനികള്‍ കിലോമീറ്ററുകളോളം നടന്നുപോയി പരീക്ഷയെഴുതിയത് വാര്‍ത്തയായതിന് പിന്നാലെയാണ് സഹായവുമായി പൊതുപ്രവര്‍ത്തകര്‍ എത്തിയത്. പഞ്ചായത്ത് അംഗം ജൂലി ജോസഫ് തന്റെ വാഹനം കുട്ടികള്‍ക്കു യാത്ര ചെയ്യുന്നതിനായി വിട്ടു കൊടുത്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സാജു ജോസഫ് ഡ്രൈവറായി വാഹനം ഓടിച്ചു.
ഇതോടെ വേലിയാംപാറ ആദിവാസി കുടിയില്‍ നിന്നുള്ള ഷാല്‍ബി ഷാജിയും ദിവ്യ രവിയും ജീപ്പില്‍ ആണ് ഇന്നലെ മാങ്കുളം സെന്റ് മേരീസ് സ്കൂളില്‍ പരീക്ഷ എഴുതാന്‍ എത്തിയത്. പരീക്ഷ കഴിയും വരെ കുട്ടികളെ പരീക്ഷ ഹാളില്‍ എത്തിക്കും എന്ന് സാജു പറഞ്ഞു അതേസമയം, കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ വാഹനം തയ്യാറാക്കി നല്കാത്തപഞ്ചായത്ത്, ആരോഗ്യ, ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഭരണാധികാരികള്‍ക്കും എതിരെ പ്രതിഷേധം ഉയരുന്നുണ്ട്.
വേലിയാംപാറ ആദിവാസി സെറ്റില്‍മെന്റില്‍ നിന്നുള്ള അവലിങ്കല് ഷാജി രാമന്റെ മകള്‍ ഷാല്‍ബി ഷാജി, വില്സന് അയ്യപ്പന്റെ മരുമകള്‍ ദിവ്യ രവി എന്നിവരാണ് അധികൃതരുടെ കനിവിനു കാത്തു നില്‍ക്കാതെ നടന്ന് എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ എത്തിയത്.