മൂന്നാര്‍: പെട്ടിമുടി ദുരന്തത്തില്‍ ഉറ്റവരെ നഷ്ടമായവര്‍ക്ക് വീടു വെച്ചു നല്കി കണ്ണന്‍ദേവന്‍ കമ്പനിയുടെ അകമഴിഞ്ഞ സഹായം. ദുരന്തത്തില്‍ പെട്ടവര്‍ക്ക് അന്തിയുറങ്ങുന്നതിനായി കുറ്റിയാര്‍വാലിയില്‍ സര്‍ക്കാര്‍ നല്കിയ സ്ഥലത്താണ് കണ്ണന്‍ദേവന്‍ കമ്പനി എട്ടുപേര്‍ക്ക് വീടുകള്‍ നിര്‍മിച്ചുനല്‍കിയത്. ഉറ്റവരെ നഷ്ടപ്പെട്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവര്‍ നിറകണ്ണുകളോടെയാണ് വീടുകളുടെ താക്കോല്‍ ഏറ്റുവാങ്ങിയത്.
കുറ്റിയാര്‍വാലിയില്‍ നടന്ന ചടങ്ങില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട സഹോദരങ്ങളായ ശരണ്യക്കും അന്നലക്ഷ്മിക്കുമാണ് മന്ത്രി എംഎം മണി വീടിന്റെ താക്കോല്‍ ആദ്യം നല്‍കിയത്. ഇരുവരും പൊട്ടിക്കരഞ്ഞുകൊണ്ടാണ് താക്കോല്‍ വാങ്ങിയത്. ദുരന്തത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും അദ്ഭുതകരമായി രക്ഷപ്പെടുകയും ചെയ്ത സരസ്വതിയും താക്കോല്‍ ഏറ്റുവാങ്ങി.
കറുപ്പായിക്കുവേണ്ടി മകന് നൃപന് ചക്രവര്‍ത്തി, സീതാലക്ഷ്മി, മാലയമ്മാള്‍, മുരുകേശന്, പളനിയമ്മ, ഹേമലത-ഗോപിക സഹോദരിമാര്‍ക്കുവേണ്ടി ബന്ധു ഷണ്‍മുഖനാഥനും കെഡിഎച്ച്പി എംഡി കെ മാത്യു എബ്രാഹിമില്നിന്ന് താക്കോല്‍ ഏറ്റുവാങ്ങി.
ഒരുകോടി രുപയാണ് കമ്പനി വീടുനിര്‍മാണത്തിനായി ചെലവഴിച്ചത്. 2020 നവംബര്‍ ഒന്നിന് മന്ത്രിമാരായ ഇ ചന്ദ്രശേഖരന്, എംഎം മണി എന്നിവര്‍ ചേര്‍ന്നാണ് വീടുകളുടെ തറക്കല്ലിടീല്‍ നടത്തിയത്. കെഡിഎച്ച്പി കമ്പനി എന്‍ജിനീയറിങ് വിഭാഗം സീനിയര്‍ മാനേജര്‍ രാജുവാര്യരുടെ നേതൃത്വത്തില്‍ 60 ജീവനക്കാരുടെ നേതൃത്വത്തിലാണ് വീടുകള്‍ നിര്‍മിച്ചത്.
രണ്ട് കിടപ്പുമുറികള്‍, ഒരുഹാള്‍, അടുക്കള, ശൗചാലയം, വരാന്ത, ചെറിയ പൂന്തോട്ടം എന്നീ സൗകര്യങ്ങളോടുകൂടിയാണ് വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. മൂന്നാറിന്റെ പ്രകൃതിക്കിണങ്ങുംവിധമാണ് വീടുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നൂറുദിവസംകൊണ്ടാണ് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത് എന്ന പ്രത്യേകതയും ഉണ്ട്. കമ്പനിയെ മന്ത്രി എംഎംമണിയും കളക്ടറും പ്രശംസിച്ചു.