തൊടുപുഴ: കുതിരയോട്ടത്തില്‍ പരിചയസമ്പന്നരെ പോലും അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച് തൊടുപുഴയിലെ 12 വയസുകാരന് അസ്ലം. പൊടിപാറുന്ന കുതിര റേസിങ്ങുമായി ഇടുക്കിയിലെ അശ്വാരൂഢനായി മാറിക്കഴിഞ്ഞു തൊടുപുഴ കാരിക്കോട് പുത്തന്‍വീട്ടിലെ ഈ കൊച്ചുമിടുക്കന്.
കാരിക്കോട് ഷമീര്‍ പി ജബ്ബാറിന്റെ മിനി കുതിരപ്പന്തിയില്‍ കുതിരകളേക്കാള്‍ വലിയ താരം 12 വയസ്സുകാരനായ മകന് മുഹമ്മദ് അസ്ലം ആണ്. സമപ്രായക്കാര്‍ സൈക്കിളില്‍ കറങ്ങി നടക്കുമ്പോള്‍ അസ്ലം കുതിരയുമായി പറക്കും. ഒന്‍പതാം വയസില്‍ സ്വന്തമായി ഹോഴ്സ് റൈഡിങ് തുടങ്ങിയ അസ്ലം അടുത്തിടെ തൃശൂരിലും മലപ്പുറത്തും നടന്ന കുതിരയോട്ട മത്സരത്തില്‍ മുതിര്‍ന്നവരെപ്പോലും തോല്പിച്ച് ഒന്നാമതെത്തി.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിജെ ജോസഫ് എംഎല്‍എ നടത്തിയ കാര്‍ഷികമേളയില്‍ ഒരുക്കിയ കുതിര പ്രദര്‍ശനം കണ്ടാണ് അസ്ലമിന്റെ പിതാവ് ഷമീര്‍ കുതിരക്കമ്പത്തിലേക്ക് തിരിയുന്നത്. അന്ന് നടന്ന കുതിരയോട്ടം കണ്ട് ആരാധന മൂത്ത് ഷമീര്‍ ഒരു കുതിരയെ മൈസൂരുവില്‍ നിന്നു സ്വന്തമാക്കുകയും സ്വയം കുതിരയോട്ടം പഠിക്കുകയും ചെയ്തു.
ഇപ്പോള്‍ സ്വന്തമായി ആറോളം കുതിരകളുണ്ട് ഷമീറിന്. കാരിക്കോട് ഷമീര്‍ കുതിരയോട്ടം പരിശീലിപ്പിക്കാനും കുതിരകളുടെ പരിചരണത്തിനുമായി അക്കാദമി സ്ഥാപിച്ചു. അച്ഛനോടൊപ്പം ഹോഴ്സ് ഫാമിലെത്തുന്ന അസ്ലം കുതിരകളുമായി ചങ്ങാത്തതിലായി. ഇപ്പോള്‍ സമര്‍ഥനായ ഒരു ജോക്കിയുടെ കൈയ്യടക്കത്തോടെ അസ്ലം കുതിരയെ ഓടിക്കും, കുതിരപ്പുറത്ത് ചില അഭ്യാസമുറകളും അസ്ലമിന് വശമുണ്ട്.
അസ്ലമിനൊപ്പം മൂത്ത സഹോദരി ഫാത്തിമയും (15) കുതിരയോട്ടത്തില്‍ മിടുക്കിയാണ്. അടുത്തമാസം കോഴിക്കോട് നടക്കുന്ന മത്സരത്തില്‍ ഒന്നിച്ച് റൈഡ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും.