തൊടുപുഴ: ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററായി ആരോഗ്യ വകുപ്പ് ഏറ്റെടുത്ത ഉത്രം റസിഡന്‍സി ഏഴു മാസം കഴിഞ്ഞിട്ടും തിരികെക്കൊടുക്കാത്തതില് പ്രതിഷേധിച്ച് രോഗികളെ അടക്കം പൂട്ടിയിട്ട് കെട്ടിടം ഉടമ പി സന്തോഷ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
അധികൃതര്‍ നല്കിയ ഉറപ്പു പാലിച്ചില്ലെന്നാരോപിച്ചാണ് ഉടമ പി സന്തോഷ് ഉത്രം റസിഡന്‍സിയുടെ ഗേറ്റ് പൂട്ടിയത്. വിവരം അറിഞ്ഞ് നഗരസഭ ചെയര്മാന് സനീഷ് ജോര്‍ജും പോലീസും സ്ഥലത്തെത്തി. ഉടമയുമായി സംസാരിച്ചതിനെ തുടര്‍ന്ന് ഗേറ്റ് തുറന്നു കൊടുത്തു.
നിലവില്‍ എഴുപതിലേറെ ആളുകളാണ് ഉത്രത്തിലെ ട്രീറ്റ്മെന്റ് സെന്ററില്‍ കഴിയുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഒഴിഞ്ഞു നല്‍കാമെന്ന ഉറപ്പിലാണ് ഏഴു മാസം മുന്‍പു കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായി ഉത്രം റസിഡന്‍സി ജില്ലാ ഭരണകൂടം ഏറ്റെടുത്തത്.
ഡിസംബറില്‍ കലക്ടറുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ജനുവരി ആദ്യം ട്രീറ്റ്മെന്റ് സെന്റര്‍ ഇവിടെ നിന്നു മാറ്റാമെന്ന് ഉറപ്പു ലഭിച്ചതായും ഉടമ സന്തോഷ് പറയുന്നു. കല്യാണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായും ഹാള്‍ ബുക്കിങ് സ്വീകരിക്കാനും അധികൃതര്‍ അനുമതി നല്കി.
ഇതിനിടെ ന്യൂമാന്‍ കോളജിന്റെ വകയായുള്ള ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ട് കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിനായി ഏറ്റെടുത്ത് ഇവിടേക്ക് മാറ്റുന്നതിന് നടപടികള്‍ ആരംഭിച്ചെങ്കിലും അവിടെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഉള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഇല്ലെന്ന് പറഞ്ഞ് ഇവിടേക്ക് മാറ്റുന്നത് വീണ്ടും നീട്ടുകയായിരുന്നു.