അടിമാലി: ബൈക്കില്‍ എത്തിയ സംഘം തട്ടിയെടുത്ത സ്വര്‍ണമാല തിരികെ കിട്ടിയപ്പോള്‍ അരപ്പവന്‍ കുറഞ്ഞു. നാല് പവന് ഉണ്ടായിരുന്ന സ്വര്‍ണ്ണത്തിന്റെ തൂക്കകുറവില് അന്വേഷണം ആവശ്യപ്പെട്ട് മൂന്നാര്‍ എഎസ്പിക്ക് വീട്ടമ്മയുടെ പരാതി.
അടിമാലി മന്നാങ്കാല ട്രൈബല്‍ ഹോസ്റ്റലിന് സമീപം താമസിക്കുന്ന കണ്ണിക്കാട്ട് ഉണ്ണിയുടെ ഭാര്യ ലളിത (60) യുടെ കഴുത്തില്‍ കിടന്നിരുന്ന 4പവന് മാലയാണ് കഴിഞ്ഞ 5ന് നഷ്ടപ്പെട്ടത്. സംഭവത്തില്‍ പ്രതികളായ ഇരുമ്പുപാലം പത്താംമൈല്‍ സ്വദേശികളായ ലക്ഷം വീട് കാഞ്ഞിരപ്പറമ്പില്‍ കമലുദ്ദീന്‍ (42 ), മന്നാങ്കാവില് ഹാരിസ് (38) എന്നിവരെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലില്‍ രാജകുമാരിയിലെ ജ്വല്ലറിയില്‍ ആണ് മാല വിറ്റതെന്ന് പ്രതികള്‍ പോലീസിനെ അറിയിച്ചു. വില്പന നടത്തിയ മാല തിരികെ വാങ്ങാന്‍ എത്തിയപ്പോള്‍ മാല ഉരുക്കി കട്ടി ഉരുപ്പടിയാക്കിയ നിലയില്‍ ആയിരുന്നു. എന്നാല്‍ തൂക്കം നോക്കിയപ്പോള്‍ അര പവന് കുറവാണെന്ന് ബോധ്യപ്പെട്ടു.
4 പവന് സ്വര്‍ണാഭരണം ഉരുക്കിയാല് അര പവന് കുറയില്ല എന്നതാണ് കേസിന് അടിസ്ഥാനം. ഇതോടെ ജ്വല്ലറി ഉടമയും പോലീസും തട്ടിപ്പ് നടത്തിയവരും തമ്മിലുള്ള കള്ളകളിയാണ് ഇതിനു പിന്നിലെന്ന് ആരോപിച്ചാണ് ലളിത മൂന്നാര്‍ എഎസ്പിക്ക് പരാതി നല്‍കിയിരിക്കുന്നത്.
അതേസമയം, കൊല്ലത്ത് കഴിഞ്ഞ ആഴ്ച സ്വര്‍ണമാല മോഷണക്കേസിലെ പ്രതി മണിക്കൂറുകള്‍ക്ക് അകം പിടിയിലായി. പള്ളിത്തോട്ടത്തെ കടയില്‍ മേശയില്‍ സൂക്ഷിച്ച മാല മോഷ്ടിച്ച കേസില്‍ പള്ളിത്തോട്ടം സെഞ്ചുറി നഗറില്‍ മില്‍ട്ടണ്‍ (31) ആണു പള്ളിത്തോട്ടം പോലീസിന്റെ പിടിയിലായത്. മാല വിറ്റ തുക ഉപയോഗിച്ച് ഇയാള്‍ അപ്പോള്‍ത്തന്നെ 10,000 രൂപ നല്കി പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിയതായി കണ്ടെത്തി. ഒട്ടേറെ കേസുകളിലെ പ്രതിയാണ് ഇയാള്‍