കൊച്ചി: വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് മറിച്ചുവില്‍ക്കുന്ന സംഘത്തിലെ മൂന്നുപേര്‍ കൊച്ചിയില്‍ അറസ്റ്റിലായി. സംഘത്തിലെ മുഖ്യപ്രതി അടക്കം മൂന്ന് പേരെയാണ് പോലീസ് പിടികൂടിയത്.
മുഖ്യപ്രതി വാടാനപ്പിള്ളി സ്വദേശി പണിക്കവീട്ടില്‍ അജ്മല്‍ (24), നടത്തറ സ്വദേശി ചുളയില്ലാപ്ലാക്കല്‍ വീട്ടില്‍ ഷെറിന് (31), അന്തിക്കാട് സ്വദേശി വടക്കന്‍തുള്ളി വീട്ടില്‍ ആരോമല്‍ (24) തുടങ്ങിയവരെയാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്.
ചേരാനല്ലൂര്‍ സിഗ്നല്‍ ജങ്ഷനില്‍ നിന്നും തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലില്‍ നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികളായ സജിത്ത് (24), അജ്മല്‍ (25), ഫാസില്‍ (20), നിജില്‍ (25) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
നഗരത്തിലെ ഒരു സ്ഥാപനത്തില്‍ നിന്ന് 13-ന് പ്രതികള്‍ കാര്‍ വാടകയ്ക്കെടുത്തു. തൊട്ടടുത്ത ദിവസം തിരിച്ചേല്‍പ്പിക്കാമെന്ന കരാറിലായിരുന്നു വാഹനം എടുത്തത്. തിരിച്ചേല്പ്പിക്കാത്തതിനെ തുടര്‍ന്ന് കമ്പനി അധികൃതര്‍ പോലീസില്‍ പരാതി നല്കി. പ്രതികള്‍ക്കെതിരെ വേറെയും ഒട്ടേറെ പരാതികളുണ്ടെന്നു പോലീസ് പറഞ്ഞു.
തുടര്‍ന്ന് എളമക്കര എസ്എച്ച്ഒ സുഭാഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ സുനുമോന്‍, ഫൈസല്‍, അസിസ്റ്റന്റ് എസ്ഐ. സുബൈര്‍, സീനിയര്‍ സിപിഒ രാജേഷ്, സിപിഒ മധുസൂദനന് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.