തൃപ്പൂണിത്തുറ: പ്രമുഖരുടെ വീടുകളിലെത്തി വോട്ട് തേടി പ്രചാരണരംഗത്ത് സജീവമായി തൃപ്പൂണിത്തുറ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. തൃപ്പൂണിത്തുറ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ശനിയാഴ്ച അദ്ദേഹം വോട്ടര്‍മാരെ കണ്ടത്.
ആയുര്‍വേദ ചികിത്സയുടെ പാരമ്പര്യമുള്ള കുഞ്ഞിക്കിട്ടു വൈദ്യന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടശേഷം ആദ്യകാല മലയാള സിനിമകളിലും നാടകങ്ങളിലും നായകനായി തിളങ്ങിയ ‘സ്റ്റേജിലെ സത്യന്’ എന്നറിയപ്പെടുന്ന പ്രശസ്ത നടന് വര്‍ഗീസ് കാട്ടിപ്പറമ്പന്റെ കണ്ണന്‍കുളങ്ങരയിലെ വീട്ടിലെത്തി എം സ്വരാജ് അദ്ദേഹത്തില്‍ നിന്ന് പഴയകാല അനുഭവങ്ങള്‍ കേട്ട് സ്നേഹം പങ്കുവെച്ചു.
തുടര്‍ന്ന്, സമീപത്തുതന്നെ താമസിക്കുന്ന പിന്നണിഗായകന്‍ മധു ബാലകൃഷ്ണന്റെ വീട്ടിലെത്തിയ സ്വരാജിനെ മധു ബാലകൃഷ്ണനും ഭാര്യാമാതാവും ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ അമ്മയുമായ സാവിത്രീ ദേവിയും കുടുംബാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.
പുതിയകാവ് സെയ്ന്റ് ഫ്രാന്‍സിസ് പള്ളിയിലും എം സ്വരാജ് സന്ദര്‍ശനം നടത്തി. നഗരസഭാ ചെയര്‍പേഴ്സണ്‍ രമ സന്തോഷ്, കൗണ്‍സിലര്‍മാരായ യുകെ പീതാംബരന്, ഇടി സുബ്രഹ്മണ്യന് തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു.
അതേസമയം, പറവൂരില്‍ ഊഹാപോഹങ്ങള്‍ക്കൊടുവില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ ശനിയാഴ്ച വൈകീട്ട് അഞ്ചിന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പ്രഖ്യാപിച്ചയുടന്‍ തന്നെ സ്ഥാനാര്‍ത്ഥിയായ എംടി നിക്സണ് നിയോജകമണ്ഡലത്തില്‍ പര്യടനത്തിനിറങ്ങി.
അനിശ്ചിതത്വത്തിനൊടുവില്‍ വൈകീട്ട് അഞ്ചിനാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടായത്. അപ്പോള്‍ അദ്ദേഹം ഏഴിക്കരയില്‍ ഉണ്ടായിരുന്നു. വിവരമറിഞ്ഞയുടനെ ഏഴിക്കര പഞ്ചായത്തുപടിയിലെ റോഡില്‍ നടന്ന് വോട്ടര്‍മാരെക്കണ്ട് സ്ഥാനാര്‍ത്ഥിയാണെന്നുള്ള വിവരം അറിയിക്കുകയും വോട്ടഭ്യര്‍ഥിക്കുകയും ചെയ്തു.