കോലഞ്ചേരി: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയായ അമ്പിളി ടീച്ചര്‍ വീട് നിര്‍മ്മാണത്തിന്റെ തിരക്കിലാണ്. കിടപ്പാടമില്ലാത്തവര്‍ക്ക് വൊളന്റിയര്‍മാരുടെ സഹായത്തോടൈ തുക കണ്ടെത്തി വീടു നിര്‍മ്മിച്ചു നല്കി മാതൃകയാവുകയാണ് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയായ എ അമ്പിളി.
സ്കൂളിലെ നാഷനല്‍ സര്‍വീസ് സ്കീമിന്റെ ചുമതല കൂടി വഹിക്കുന്ന ടീച്ചര്‍ സേവന മേഖലയിലേക്കിറങ്ങിയപ്പോള്‍ ആദ്യം അഭിമുഖീകരിക്കേണ്ടി വന്നതു വീടില്ലാത്തവരുടെ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ടീച്ചര്‍ വീടില്ലാത്തവര്‍ക്ക് സഹായമായി മുന്നിട്ടിറങ്ങിയത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ നാലാമത്തെ വീടിന്റെ നിര്‍മാണത്തിലാണ് ഇപ്പോള്‍ ഈ അധ്യാപിക.
എന്‍എസ്എസ് വൊളന്റിയര്‍മാരുടെയും സുമനസുകളുടെയും അഭ്യുദയ കാംക്ഷികളുടെയും സഹകരണത്തോടെ വാളകത്ത് 2016ല്‍ സ്കൂള്‍ വിദ്യാര്‍ഥിനിക്ക് ആദ്യ വീടിന്റെ പണി തുടങ്ങി. ഒരു വര്‍ഷം കൊണ്ടു നിര്‍മാണം പൂര്‍ത്തിയായി. 2018ല്‍ കിഴുമുറിയില്‍ വിദ്യാര്‍ഥിനിക്കായി പണിത വീടിന്റെ താക്കോല്‍ സമര്‍പ്പണം വിദ്യാഭ്യാസ മന്ത്രിയാണു നടത്തിയത്. സ്വന്തം പേരില്‍ സ്ഥലമില്ലാത്തതിനാല്‍ വീടു നിര്‍മാണം അവതാളത്തിലായ നിരപ്പാമല സ്വദേശിക്ക് 2019ല്‍ വീടു നിര്‍മിച്ചു നല്കി.
കക്കാട്ടുപാറ തുമ്പേക്കടയില് സെറിബ്രല്‍ പാള്‍സി ബാധിതനായ വിദ്യാര്‍ഥിക്കു വേണ്ടിയുള്ള വീടിന്റെ നിര്‍മാണമാണിപ്പോള്‍ പുരോഗമിക്കുന്നത്. നാഷനല്‍ സര്‍വീസ് വൊളന്റിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തിയാണു വീടു നിര്‍മാണം. പഴയ പത്രം, ഇരുമ്പ് എന്നിവ വൊളന്റിയര്‍മാര്‍ വീടുകളില്‍ നിന്നു ശേഖരിച്ചു വില്പന നടത്തിയാണു വീടു നിര്‍മാണത്തിനുള്ള തുക കണ്ടെത്തുന്നത്.
വീടു നിര്‍മാണം കൂടാതെ മറ്റു സേവന പ്രവര്‍ത്തനങ്ങളിലും മുന്നിട്ടിറങ്ങുന്ന ഈ അധ്യാപികയുടെ നേതൃത്വത്തില്‍ വൊളന്റിയര്‍മാര്‍ 2018ലെ പ്രളയത്തില്‍ മുങ്ങിയ 14 വീടുകള്‍ ശുചീകരിച്ചു നല്‍കിയിരുന്നു. 5 കുളങ്ങളും തോടുകളും വൃത്തിയാക്കി.
ചൂണ്ടി, പൂതൃക്ക, കോലഞ്ചേരി ടൗണ്‍, മെഡിക്കല്‍ കോളജ് ജംഗ്ഷന് എന്നിവിടങ്ങളിലെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ പെയിന്റ് ചെയ്തു. കോട്ടൂര്‍, പാറേക്കാട്ടില്‍ കവല എന്നിവിടങ്ങളിലെ അങ്കണവാടികള്‍ പുനരുദ്ധരിച്ചു. പൂതൃക്ക ഹെല്‍ത്ത് സെന്ററില്‍ ലൈബ്രറി ഒരുക്കി. നവോദയ സ്കൂളില്‍ അധ്യാപകനായ ഭര്‍ത്താവ് ശ്രീനിവാസനും 2 മക്കളും സേവന പ്രവര്‍ത്തനങ്ങളില്‍ അധ്യാപികയ്ക്കു ഒപ്പമുണ്ട്.