വൈപ്പിന്‍: കടുത്ത വേനലില്‍ അലയുന്ന പക്ഷികളുടെ ദാഹമകറ്റാന്‍ പുതിയ പദ്ധതി ആവിഷ്കരിച്ച് ‘കുട്ടി’ പോലീസുകാര്‍. എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കെഡറ്റുകളാണു പറവകള്‍ക്കൊരു തണ്ണീര്‍ക്കുടം എന്ന പേരിലുളള പദ്ധതി ആരംഭിച്ചിരിക്കുന്നത്.
2 വര്‍ഷം മുന്‍പ് സ്കൂളിലെ എസ്പിസിയൂണിറ്റ് ആദ്യമായി ആവിഷ്ക്കരിച്ച ഈ പദ്ധതി ലോക്ഡൗണ്‍ സമയത്ത് ഐജി പി വിജയന് മുന്‍കയ്യെടുത്തു കേരളമൊട്ടാകെ നടപ്പാക്കിയിരുന്നു. ഇത്തവണ കൂട്ടുകാരിലേക്കും ബന്ധുക്കളിലേക്കും കൂടി ഈ സന്ദേശമെത്തിക്കാനാണു കെഡറ്റുകളുടെ പരിപാടി.
മറിഞ്ഞു പോകാത്ത വിധത്തില്‍ മതിലിലോ ടെറസ്സിലോ പക്ഷികള്‍ക്കായി തണ്ണീര്‍ക്കുടങ്ങള്‍ സ്ഥാപിക്കാനാണ് സമൂഹമാധ്യമങ്ങള്‍ വഴിയുള്ള കുട്ടികളുടെ അഭ്യര്‍ഥന. പക്ഷികള്‍ക്കു മറ്റു ശല്യമുണ്ടാകാത്തതും അധികം വെയിലില്ലാത്തതുമായ ഇടങ്ങള്‍ കണ്ടെത്തിയാണു കുടങ്ങള്‍ സ്ഥാപിക്കേണ്ടതെന്നു കെഡറ്റുകളിലൊരാളായ പാര്‍വതി ദിലീപ് പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ പക്ഷിമൃഗാദികള്‍ വ്യാപകമായി ചത്തൊടുങ്ങുന്ന അവസ്ഥയുണ്ടാകും. അപ്പോള്‍ പക്ഷികള്‍ക്ക് കുടിവെള്ളം നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ വീട്ടുപരിസരങ്ങളില്‍ ഒരുക്കണമെന്ന് കഴിഞ്ഞ വര്‍ഷം വനംവകുപ്പ് അറിയിപ്പ് നല്‍കിയിരുന്നു.
ഇതിനായി പക്ഷികള്‍ക്ക് കുടിക്കാനും കുളിക്കാനും പാകത്തിലുള്ള മണ്പാത്രങ്ങളില് വെള്ളം കരുതുന്നതാണ് ഉചിതം. വീട്ടുമുറ്റത്തോ ടെറസുകളിലോ സണ്‍ഷേഡുകളിലോ ബാല്‍ക്കണികളിലോ മരത്തിലോ പക്ഷികള്‍ക്ക് സൗകര്യപ്രദമായി വന്നിരിക്കാന്‍ സൗകര്യമുള്ള എവിടെയും ഇത്തരം സംവിധാനം സ്ഥാപിക്കാം.
ദിവസവും പാത്രം കഴുകി പുതിയ വെള്ളം നിറച്ചുവയ്ക്കാന്‍ ശ്രദ്ധിക്കണം. സോപ്പോ മറ്റ് ഡിറ്റര്‍ജന്റുകളോ ഉപയോഗിച്ച് പാത്രം കഴുകരുത്. ദാഹശമനത്തിനു മാത്രമല്ല ശരീരത്തിലെ പരാദങ്ങളെ അകറ്റി രോഗവിമുക്തരാകുന്നതിനും പക്ഷികള്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തും. ജനങ്ങളുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള ചെറിയ ഇടപെടല്‍ പോലും പക്ഷി സമൂഹത്തിന്റെ അതിജീവനത്തിന് ഏറെ സഹായകരമാകും.