ചൊവ്വര: റോഡില്‍ അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മുഖ്യമന്ത്രിയ്ക്കു കത്തയച്ചു. കുഞ്ഞു വേവലാതി അവഗണിച്ചില്ല, വളവില്‍ കോണ്‍വെക്സ് മിറര്‍ സ്ഥാപിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നടപടിയില്‍ നാട്ടിലെ താരമായി കുഞ്ഞുമിടുക്കി സാന്‍ഡ്ര ബിനു.
ഇടറോഡില്‍ നിന്നു കാലടി-ആലുവ പ്രധാന റോഡിലേക്കു കയറുന്ന ഭാഗത്ത് അപകടകരമായ അവസ്ഥ ആയതിനാല്‍ ഇവിടെ കോണ്‍വെക്സ് മിറര്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഒരു മാസം മുന്‍പാണു തൂമ്പാക്കടവ് ഊരില്‍ വീട്ടില്‍ ബിനു ജോസ്- ബിന്‍സി ദമ്പതികളുടെ മകള്‍ സാന്‍ഡ്ര ബിനു മുഖ്യമന്ത്രിയ്ക്കു കത്തയച്ചത്.
കത്ത് മുഖവിലയക്കെടുത്ത് ആവശ്യമായ നടപടികള്‍ എടുക്കണമെന്നു നിര്‍ദേശിച്ചു മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു കലക്ടറുടെ ഓഫിസിലേക്കു കത്ത് കൈമാറിയതായി മറുപടി ലഭിച്ചു. കലക്ടര്‍ പഞ്ചായത്ത് ഡയറക്ടര്‍ക്ക് ഇതു കൈമാറി. മിറര്‍ ഉടനെ സ്ഥാപിക്കണമെന്നു പഞ്ചായത്ത് ഡയറക്ടര്‍ ശ്രീമൂലനഗരം പഞ്ചായത്ത് സെക്രട്ടറിക്കു നിര്‍ദേശം നല്കി.
സ്പോണ്‍സറെ കണ്ടെത്തി മിറര്‍ ഉടനെ സ്ഥാപിക്കാം എന്നു പഞ്ചായത്ത് മറുപടി കൊടുത്തു. തുടര്‍ന്ന് വാര്‍ഡ് മെംബര്‍ വിഎം ഷംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള ‘യൂണിവേഴ്സല്‍ കാര്‍ട്ടന്‍സ് ‘ എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെയാണു കോണ്‍വെക്സ് മിറര്‍ സ്ഥാപിച്ചത്.
ആലുവ ശിവഗിരി വിദ്യാനികേതന്‍ സ്കൂളിലെ വിദ്യാര്‍ഥിനിയായ സാന്‍ഡ്രയുടെ വീട് ഉള്‍പ്പെടുന്ന ചൊവ്വര പള്ളി സെമിത്തേരി റോഡിലെ നൂറോളം കുടുംബങ്ങള്‍ക്ക് കോണ്‍വെക്സ് മിറര്‍ ഉപകാരപ്രദമായി.