ആലുവ: ജില്ലാ ആശുപത്രിയിലെ കിടപ്പു രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്കി, രോഗികളെ കുളിപ്പിച്ചു വൃത്തിയാക്കി വസ്ത്രം ധരിപ്പിക്കുന്ന സ്നേഹകൂട്ടായ്മയ്ക്കു 10 വയസ്സ്. സെന്റ് ഡൊമിനിക് പള്ളി മുന്‍ വൈസ് ചെയര്മാന് ഫ്രാന്‍സിസ് മൂത്തേടന്, സെക്രട്ടറി ചിന്നന് പടമാട്ടുമ്മേല്‍, പോളച്ചന് പയ്യപ്പിള്ളി, ബോണി പാറേക്കാട്ടില്‍ എന്നിവര്‍ തുടങ്ങിവച്ച ഈ അന്നദാന സംരഭത്തില്‍ ലോക്ഡൗണ്‍ കാലത്തെ 2 മാസം മാത്രമേ ഭക്ഷണം മുടങ്ങിയിട്ടുള്ളൂ.
എല്ലാ ഞായറാഴ്ചയും ഇരുനൂറോളം പേര്‍ക്കാണ് ഇവര്‍ ഉച്ചഭക്ഷണം വിളമ്പുന്നത്. തുടക്കത്തില്‍ സ്വന്തം കയ്യില്‍ നിന്നു പണം എടുത്താണു ഭക്ഷണം നല്‍കിയത്. പിന്നീടു കേട്ടറിഞ്ഞു സ്പോണ്‍സര്‍മാര്‍ എത്തിതുടങ്ങി. ഇപ്പോള്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള ബുക്കിങ് കഴിഞ്ഞു. ചോറ്, മാങ്ങക്കറി, ചിക്കന്‍, ബീഫ്, തോരന്‍, അച്ചാര്‍ എന്നിവ അടങ്ങിയതാണു മെനു.
ഭക്ഷണം നല്‍കുക മാത്രമല്ല, രോഗികളെ കുളിപ്പിച്ചു വൃത്തിയാക്കാനും ഷേവ് ചെയ്യാനും വസ്ത്രം ധരിപ്പിക്കാനും കൂട്ടായ്മയിലെ അംഗങ്ങള്‍ ആശുപത്രിയില്‍ എത്താറുണ്ട്. മാസത്തില്‍ ഒരു ദിവസം അന്‍വര്‍സാദത്ത് എംഎല്‍എയും മറ്റൊരു ദിവസം ബൈജു നെടുമ്പാശേരിയുമാണു ഭക്ഷണം നല്‍കുന്നത്. വിശേഷ ദിവസങ്ങളിലെ ചെലവു വഹിക്കുന്നതു നഗരസഭ മുന്‍ അധ്യക്ഷന്‍ എംടി ജേക്കബ്.
പത്താം വാര്‍ഷിക ദിനത്തിലെ ഭക്ഷണ വിതരണം അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷന്‍ എംഒ ജോണ്‍, വികാരി ഫാ ഡോ വര്‍ഗീസ് പൊട്ടയ്ക്കല്‍, ഫ്രാന്‍സിസ് മൂത്തേടന്, എംടി ജേക്കബ്, ലിസി ഏബ്രഹാം, ബൈജു നെടുമ്പാശേരി, ജയകുമാര്‍, സുരേഷ്, ജസ്റ്റിന്, ജോബി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.