ആലുവ: ഭംഗി നോക്കാനെന്ന മട്ടില്‍ ആഭരണം കയ്യിലെടുത്തു, പിന്നെ വാതില്‍ തുറന്നു പുറത്തേക്കോടി. ആലുവയിലെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മോഷണം. നഗരസഭ മുന്‍ അധ്യക്ഷന്‍ ഫ്രാന്‍സിസ് തോമസിന്റെ ജ്വല്ലറിയിലാണ് മോഷണം നടന്നത്.
സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപം ലിമ ജ്വല്ലറിയില്‍ ഉച്ചയ്ക്ക് ഒന്നരയോടെ കാറില്‍ വന്നിറങ്ങിയ യുവാവ് ഒരു പവന്റെ സ്വര്‍ണമാലയും താലിയും ആവശ്യപ്പെട്ടു. ജ്വല്ലറിയില്‍ വനിത ഉള്‍പ്പെടെ 2 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഭംഗി നോക്കാനെന്ന മട്ടില്‍ ആഭരണം കയ്യിലെടുത്ത ശേഷം ഇയാള്‍ പെട്ടെന്നു വാതില്‍ തുറന്നു പുറത്തേക്കോടുകയായിരുന്നു. തുടര്‍ന്ന് സ്റ്റാര്‍ട്ട് ചെയ്തു നിര്‍ത്തിയിരുന്ന കാറില്‍ കയറി രക്ഷപ്പെട്ടു.
പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. 6 ഗ്രാമിന്റെ മാലയും 2 ഗ്രാമിന്റെ താലിയുമാണു നഷ്ടപ്പെട്ടത്. അതേസമയം, അടുത്തിടെ ചൂണ്ടിയിലെ ജ്വല്ലറിയിലും സമാനരീതിയില്‍ കവര്‍ച്ച നടന്നിരുന്നു. പര്‍ദ്ദ ധരിച്ചെത്തിയ സ്ത്രീയാണ് അവിടെ ജ്വല്ലറി ഉടമയെ കബളിപ്പിച്ചു സ്വര്‍ണവുമായി കടന്നത്.