പറവൂര്‍: കൈ മുറിഞ്ഞു താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവാവ് ആശുപത്രി തല്ലിപ്പൊളിച്ചു. ഒടുവില്‍ പോലീസ് എത്തി അറസ്റ്റു ചെയ്തു. സംഭവത്തില്‍ കെടാമംഗലം കല്ലറയ്ക്കല്‍ അഖിലി (23)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ പുലര്‍ച്ചെ 3 മണിയോടെയായിരുന്നു സംഭവം. കൈ മുറിഞ്ഞ നിലയില്‍ 2 സുഹൃത്തുക്കള്‍ക്കൊപ്പമാണ് അഖില്‍ ആശുപത്രിയില്‍ എത്തിയത്. കൂട്ടുകാരുമൊത്തു മദ്യപിക്കുന്നതിനിടെയാണു കൈ മുറിഞ്ഞതെന്നും സംഭവസമയത്ത് ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നെന്നും പോലീസ് പറഞ്ഞു.
മുറിവില്‍ നിന്നു വലിയതോതില്‍ ചോര പുറത്തേക്ക് ഒഴുകിയിരുന്നു. ആശുപത്രി അധികൃതര്‍ മുറിവു വച്ചുകെട്ടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ അക്രമാസക്തനായി. കൂടെയുണ്ടായിരുന്ന 2 സുഹൃത്തുക്കള്‍ ഇയാളെ ശാന്തനാക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഇയാള്‍ അവരെയും മര്‍ദിച്ചു. തുടര്‍ന്നു മൂവരും തമ്മില്‍ അടിപിടിയായി.
തുടര്‍ന്ന് ഇയാള്‍ ആശുപത്രി ജീവനക്കാര്‍ക്കു നേരെ തിരഞ്ഞു. ഇതു കണ്ട ലേഡി ഡോക്ടര്‍ ഫോണ്‍ ചെയ്യാന്‍ അത്യാഹിത വിഭാഗത്തിലേക്കു പോയി. ഡോക്ടറുടെ പിന്നാലെ എത്തിയ ഇയാള്‍ അത്യാഹിത വിഭാഗത്തിലെ വാതില്‍ തകര്‍ത്തു. കാബിന് പൊളിച്ചു. ഇസിജി മെഷീന്, മള്‍ട്ടി പാര മോണിറ്റര്‍ എന്നിവ നശിപ്പിച്ചു.
കെട്ടിടത്തില്‍ നിന്നു പുറത്തേക്ക് ഇറങ്ങാനുള്ള ഗ്രില്ല് ആശുപത്രി അധികൃതര്‍ അടച്ചതോടെ ഇയാള്‍ക്കു പുറത്തേക്കു പോകാനായില്ല. തുടര്‍ന്നു പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ആശുപത്രിക്കു 2 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്ന് സൂപ്രണ്ട് ഡോ. പിഎസ് റോസമ്മ പറഞ്ഞു. ഹോസ്പിറ്റല്‍ ആക്ട്, പൊതുമുതല്‍ നശീകരണം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് അഖിലിനെതിരെ കേസെടുത്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സംഭവത്തില്‍ പ്രതിഷേധിച്ചു ഡോക്ടര്‍മാര്‍ ഒപി മുടക്കി. കലക്ടര്‍, ഡിഎംഒ എന്നിവരെത്തി ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി. ജീവനക്കാര്‍ക്കുള്ള സുരക്ഷ ഉറപ്പാക്കുമെന്നു കലക്ടര്‍ പറഞ്ഞതിനുശേഷം 11 മണിയോടെയാണ് ഒപി പുനരാരംഭിച്ചത്. എംഎല്‍എ, നഗരസഭാധികൃതര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.