കൊച്ചി: കൊച്ചിയില്‍ കവര്‍ച്ചാശ്രമം തടഞ്ഞ ട്രാന്‍സ്ജെന്‍ഡറിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. തോപ്പുംപടി രാമേശ്വരം മലര്കണ്ടം വീട്ടില്‍ വിഷ്ണുവിനെയാണ്(മൈന്‍ഡ് കണ്ണന്-28) സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
സുഹൃത്തുക്കള്‍ക്കൊപ്പം എടിഎം കൗണ്ടറില്‍ നിന്നു പണമെടുക്കാന്‍ എത്തിയ കരിങ്കുന്നം സ്വദേശിനിയായ ട്രാന്സ്ജെന്ഡറിനെയാണു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11ന് ചിറ്റൂര്‍ റോഡില്‍ എസ്ആര്‍വി സ്കൂളിന് സമീപത്താണു സംഭവം നടന്നത്.
ബൈക്കിലെത്തിയ മൂന്നു പേര് ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ തടഞ്ഞുനിര്‍ത്തി കഴുത്തില്‍ കത്തിവച്ചു പണം ആവശ്യപ്പെടുകയായിരുന്നു. കത്തി തട്ടിമാറ്റി ഓടിയ യുവതിയുടെ പിന്നാലെയെത്തിയ ഒന്നാംപ്രതി വീണ്ടും തടഞ്ഞു നിര്‍ത്തി ആക്രമിച്ചു.
നെഞ്ചില്‍ കുത്താനുള്ള ശ്രമം തടഞ്ഞ യുവതിയുടെ കൈയില്‍ ഗുരുതരമായി പരിക്കേറ്റു. തലയിലുള്‍പ്പെടെ ശരീരത്തിന്റെ പലഭാഗത്തും കത്തി കൊണ്ടുള്ള മുറിവുമുണ്ട്. ഇവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട മറ്റു രണ്ടു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി സെന്‍ട്രല്‍ പോലീസ് അറിയിച്ചു. സിറ്റി എസിപി കെ ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ ഇന്‍സ്പെക്ടര്‍ എസ് വിജയശങ്കര്‍, എസ്ഐമാരായ കെജി വിപിന്‍കുമാര്‍, കെഎക്സ് തോമസ്, കെ ഫുള്‍ജന്‍, എഎസ്ഐമാരായ ഗോപി, ഗോവിന്ദന് തുടങ്ങിയവരാണ് കേസ് അന്വേഷിക്കുന്നത്.