കൊച്ചി: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് അവസാനിച്ചു. മത്സരച്ചൂടില്‍ പുകഞ്ഞിരുന്ന രാഷ്ടീയ ക്യാമ്പുകള്‍ തണുത്ത് തുടങ്ങി. ഇനി വോട്ടെണ്ണലിന്റെ ദിനങ്ങള്‍ എണ്ണി കഴിയുകയാണ് സ്ഥാനാര്‍ത്ഥികളും മുന്നണികളും. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കുകള്‍ അവസാനിച്ചെങ്കിലും കൊച്ചിയിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വെറുതെയിരിക്കാനായില്ല. വോട്ടെടുപ്പിനു തിരശീല വീണതോടെ തെരുവിലേക്കിറങ്ങി പ്രചാരണ സാമഗ്രികള്‍ നീക്കി തെരുവോരങ്ങളും മതിലുകളുമെല്ലാം വെടിപ്പാക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ഥികളും മുന്നണി പ്രവര്‍ത്തകരും.
മുളവുകാട് വടക്കേയറ്റത്താണു മുന്നണി സ്ഥാനാര്‍ത്ഥികള്‍ ഒന്നിച്ചുചേര്‍ന്ന് ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതില്‍ മാതൃകയായത്. ഇടപ്പള്ളി ബ്ലോക്ക് മുളവുകാട് വടക്കുഭാഗം യുഡിഎഫ് സ്ഥാനാര്‍ഥി വിവേക് ഹരിദാസ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംആര്‍ രാജീവ് മുളവുകാട് പഞ്ചായത്ത് 3-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വിഎസ് അക്ബര്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെബി സുനില്‍, എന്‍ഡിഎ സ്ഥാനാര്‍ഥി സുലാല്‍ എന്നിവരും പ്രവര്‍ത്തകരും ചേര്‍ന്നാണ് ബോര്‍ഡും പോസ്റ്ററും നീക്കിയത്.
വോട്ടെടുപ്പ് കഴിഞ്ഞു ഉടനെ തന്നെ പലയിടങ്ങളിലും ഇവ നീക്കം ചെയ്ത ശേഷമാണു പ്രവര്‍ത്തകര്‍ വീടുകളിലേക്കു മടങ്ങിയത്. അതിനു കഴിയാതിരുന്നവര്‍ ഇന്നലെ എത്തി നീക്കം ചെയ്യുകയായിരുന്നു.
വലിയ കട്ടൗട്ടുകളാണ് ആദ്യ ഘട്ടത്തില്‍ നീക്കിയത്. പിന്നാലെ, പോസ്റ്ററുകളും ബാനറുകളും നീക്കിത്തുടങ്ങി. മതിലുകളില്‍ നീട്ടിയെഴുതിയ വോട്ടഭ്യര്‍ഥനകള്‍ മായ്ക്കുകയെന്നതാണു മറ്റൊരു ജോലി. മതിലുകള്‍ വെള്ള പൂശി വൃത്തിയാക്കും വരെ പ്രവര്‍ത്തകരുടെ അധ്വാനം തുടരും. മാസങ്ങള്‍ക്കപ്പുറം, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചുവരൊരുക്കല് കൂടിയാകും അത്.