മൂവാറ്റുപുഴ: മൂവാറ്റുപുഴ കാനം കവലയിലെ പോളിങ് ബൂത്തിനു സമീപം കുടിവെള്ള ക്ഷാമത്തിന് എതിരെ നാട്ടുകാരുടെ വേറിട്ട പ്രതിഷേധം. വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയ വോട്ടര്‍മാര്‍ക്ക് ദാഹജലം നല്‍കിയാണ് നാട്ടുകാരുടെ കുടിവെള്ള സമരം അരങ്ങേറിയത്.
തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വാഗ്ദാനങ്ങളുമായി പലരും എത്തിയെങ്കിലും കുടിവെള്ളം മാത്രം കിട്ടിയില്ല. തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ നേതാക്കളെയും ജനപ്രതിനിധികളെയും ഓര്‍മിപ്പിക്കാനും കുടിവെള്ള ക്ഷാമത്തിന്റെ ദുരിതം ജനങ്ങളെ അറിയിക്കാനും ആണ് പോളിങ് ബൂത്തിനു സമീപം കുപ്പിവെള്ളം വിതരണം ചെയ്ത് പ്രതിഷേധം സംഘടിപ്പിച്ചത്.
ഒരു വര്‍ഷമായി കാനം കവലയില്‍ കുടിവെള്ളം ക്ഷാമം രൂക്ഷമാണ്. ഇതിനെതിരെ ജനപ്രതിനിധികള്‍ക്കു പലവട്ടം പരാതി നല്‍കുകയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തെങ്കിലും കുടിവെള്ള ക്ഷാമം പരിഹരിക്കപ്പെട്ടില്ല.
താല്‍ക്കാലികമായി തയാറാക്കിയ സമര പന്തലില്‍ ആയിരുന്നു കുടിവെള്ള വിതരണം നടത്തിയത്. നൂറോളം കുടുംബങ്ങളാണ് ഇവിടെ കുടിവെള്ളം കിട്ടാത്തതിനാല്‍ ദുരിതം അനുഭവിക്കുന്നത്.
അതേസമയം, കിളിമാനൂര്‍ പുളിമാത്ത് പഞ്ചായത്തിലെ പന്തുവിളയില്‍ നിര്‍മാണം ആരംഭിച്ച ‘പന്തുവിള കുടിവെള്ള പദ്ധതി’ മാര്‍ച്ചില്‍ കമ്മീഷന് ചെയ്യുമെന്നും അതിനായി നിര്‍മാണപ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്നും ബി സത്യന് എംഎല്‍എ അറിയിച്ചു.
പട്ടികജാതി ക്ഷേമഫണ്ടില്‍ നിന്നും 125 ലക്ഷം രൂപ വിനിയോഗിച്ചാണ് കുടിവെള്ളപദ്ധതി സ്ഥാപിക്കുന്നത്. പഞ്ചായത്തിലെ കൊടുവഴന്നൂര്‍ പന്തുവിള കോളനിയിലും സമീപകോളനികളായ മൊട്ടലുവിള, മീന്താങ്ങി എന്നിവിടങ്ങളിലുമായി 500 ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഈ പദ്ധതിയിലൂടെ എത്തിക്കാനാകും.