കാക്കനാട്: പോളിങ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാകാന്‍ പാടുപെടുകയാണ് ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. സഹോദരിയുടെ കല്യാണക്കുറി മുതല്‍ പിതാവിന്റെ ചരമ വാര്‍ത്തയുടെ പത്ര കട്ടിങ് വരെ കലക്ടറുടെ മുന്പില് ഹാജരാക്കിയാണ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിക്കുന്നത്.
പോളിങ് ഡ്യൂട്ടിക്കു നിയമനം കിട്ടിയ എണ്ണൂറോളം പേരാണ് ഇന്നലെ കലക്ടറേറ്റില്‍ ഇളവു തേടിയെത്തിയത്. കോതമംഗലം നഗരസഭാ പരിധിയിലെ അധ്യാപകന് പിതാവിന്റെ 40ാം ചരമ ദിനമാണു വോട്ടെടുപ്പു ദിനത്തിലെന്നു തെളിയിക്കാനാണു ചരമ വാര്‍ത്തയുടെ പത്ര കട്ടിങ്ങുമായെത്തിയത്. വോട്ടെടുപ്പിനു തലേന്നു സഹോദരിയുടെ കല്യാണമാണെന്നതിനു തെളിവായി കല്യാണക്കുറി കൊണ്ടുവന്നത് ആരോഗ്യ വകുപ്പ് ജീവനക്കാരനും.
അപേക്ഷയില്‍ അഞ്ഞൂറോളം പേര് രോഗികളാണ്. എന്നാല്‍ തക്കതായ കാരണങ്ങള്‍ ഇല്ലാതെ, ന്യായങ്ങള്‍ നിരത്തി പോളിങ് ഡ്യൂട്ടി ഇളവു വാങ്ങുന്നവരും കൂട്ടത്തിലുണ്ടെന്നു വിവരം ലഭിച്ചതോടെ അത്തരം അപേക്ഷകള്‍ തള്ളി. കലക്ടര്‍ എസ് സുഹാസ്, എഡിഎം സാബു കെ ഐസക്, ഡപ്യൂട്ടി കലക്ടര്‍ പിഎ പ്രദീപ്, തഹസില്‍ദാര്‍ സിപി സത്യപാലന് നായര്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് അപേക്ഷ പരിഗണിക്കുന്നത്.
ഒഴിവാക്കല്‍ അപേക്ഷ സ്വീകരിക്കാന്‍ കലക്ടറേറ്റില്‍ കൗണ്ടറുകള്‍ തുറന്നെങ്കിലും നിര നീണ്ടതോടെ നേരിട്ടു വാങ്ങല്‍ ഒഴിവാക്കി അപേക്ഷയിടാന് പെട്ടി വച്ചു. സാധാരണ ദിവസങ്ങളില്‍ ജോലിക്കു ഹാജരാകുന്നവര്‍ പോളിങ് ഡ്യൂട്ടി ഒഴിവാക്കാന്‍ മാത്രം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ അംഗീകരിക്കില്ല.
പോളിങ് ഡ്യൂട്ടി സര്‍ക്കാര്‍ ജോലിയുടെ ഭാഗമാണെന്നും വീഴ്ച വരുത്തിയാല്‍ ജനപ്രാതിനിധ്യ നിയമമനുസരിച്ച് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി ഉണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്കി.
പോളിങ് ഡ്യൂട്ടിയില്‍ ഇളവു ലഭിക്കേണ്ടവരുടെ വിവരങ്ങള്‍ ഓഫിസുകളില്‍ നിന്നു മുന്‍കൂട്ടി ശേഖരിച്ചിരുന്നു. ജീവനക്കാരുടെ പട്ടിക കലക്ടറേറ്റിലേക്കു നല്കുമ്പോള് ഇക്കാര്യം പ്രത്യേകം രേഖപ്പെടുത്തണമെന്നായിരുന്നു നിര്‍ദേശം. ഇതനുസരിച്ച് ഇളവിന് അര്‍ഹരായവരെ ഒഴിവാക്കിയാണു നിയമനം നല്‍കിയത്. പൂര്‍ണ ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കാന്‍സര്‍ പോലുള്ള മാരക രോഗം ബാധിച്ചവര്‍, ഡയാലിസിസിനു വിധേയരാകുന്നവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ ഒഴിവാക്കിയാണു ഡ്യൂട്ടി നിശ്ചയിച്ചത്.
അതേസമയം, ജില്ലയില്‍ പോളിങ് ഡ്യൂട്ടിക്കു 18,000 ജീവനക്കാരെ വേണം. സംസ്ഥാന ജീവനക്കാരെയും അധ്യാപകരെയും മാത്രം നിയമിക്കുന്നതിനാല്‍ ആവശ്യത്തിനുള്ളവരെ കിട്ടാതെ വരുമോയെന്ന ആശങ്കയിലാണ് അധികൃതര്‍. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ ബൂത്തുകളിലേക്ക് ഒരാളെ വീതം കൂടുതലായി നിയമിച്ചിട്ടുണ്ട്.
കോവിഡ് പോസിറ്റീവുകാരുടെയും ക്വാറന്റീനില്‍ കഴിയുന്നവരുടെയും തപാല്‍ ബാലറ്റുകള്‍ ശേഖരിക്കാന്‍ നൂറു കണക്കിനു ജീവനക്കാരെ ഇനിയും നിയമിക്കണം. ഇതിനിടയിലാണ് നിയമനം നടത്തിയവര്‍ ഒഴിവാക്കല്‍ അപേക്ഷയുമായി വരുന്നത്.