പറവൂര്‍: ഐഎസ്എല്‍ ഫുട്ബോള്‍ പൂരത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്. കേരളത്തിന്റെ സ്വന്തം മഞ്ഞപ്പടയും എടികെ മോഹന്‍ ബഗാനുമാണ് ആദ്യ കളിയില്‍ ഏറ്റുമുട്ടുന്നത്. കിക്കോഫ് രാത്രി 7.30ന് ഗോവയില്‍ നടക്കും. ഏഴാം സീസണില്‍ അങ്കത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ടൈറ്റില്‍ സോങ് ഇതിനൊടകം വൈറലായി കഴിഞ്ഞിട്ടുണ്ട്. മഞ്ഞപ്പടക്കായി ഇത്തവണ ടൈറ്റില്‍ സോങ് ഒരുക്കിയിരിക്കുന്നത് സൂരജ് നമ്പ്യാട്ട് എന്ന പറവൂര്ക്കാരനാണ്.
‘കണ്ടില്ലേ കൊമ്പുകുലുക്കിയൊരാന വരുന്നുണ്ടേ, പണ്ടത്തെ നഷ്ടക്കണക്കുകള്‍ തീര്‍ക്കാന്‍ വരുന്നുണ്ടേ’ എന്ന ഗാനം എഴുതിയതും ചിട്ടപ്പെടുത്തിയതും പാടിയതും സൂരജാണ്. സൂരജിന്റെ സഹോദരന്മാരായ അഭിജിത്ത് നമ്പ്യാട്ടും ശ്യാം നമ്പ്യാട്ടും ചേര്‍ന്നാണ് ഓര്ക്കസ്ട്രേഷന് ഒരുക്കിയിരിക്കുന്നത്.
പാശ്ചാത്യ സംഗീതത്തിന്റെ അകമ്പടിയോടെ നിരവധി ആനപ്പാട്ടുകള് സൂരജ് നേരത്തെ ഒരുക്കിയിട്ടുണ്ട്. പുതുപ്പള്ളി കേശവനെക്കുറിച്ചു ‘ഗജഭീമന്‍’ എന്ന പേരില്‍ ഒരുക്കിയ ആനപ്പാട്ട് കേട്ട ബ്ലാസ്റ്റേഴ്സ് അധികൃതര്‍ ‘മൈന്‍ഡ് മൈന്‍’ എന്ന ഏജന്‍സി വഴി സൂരജിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ആനയെയും ഫുട്ബോളിനെയും നായകന്മാരാക്കി ആ ആനപ്പാട്ട് ബ്ലാസ്റ്റേഴ്സിനു വേണ്ടി സൂരജ് പുനര്‍നിര്‍മിക്കുകയായിരുന്നു. മഞ്ഞപ്പട ആരാധകര്‍ ഈ പറവൂര്‍ക്കാരന്റെ ടൈറ്റില്‍ സോങ് എറ്റെടുത്തിരിക്കുകയാണ്.
അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ ഗോവയിലെ 3 വേദികളില്‍ കാണികള്‍ക്കു പ്രവേശനമില്ലാതെയാണു മുഴുവന്‍ മത്സരങ്ങളും നടത്തുക. ഐ ലീഗില്‍നിന്ന് ഈസ്റ്റ് ബംഗാള്‍കൂടി എത്തിയതോടെ ഇത്തവണ 11 ടീമുകളാണു ഐഎസ്എല്‍ മത്സര രംഗത്ത് ഉള്ളത്. നിലവിലെ ജേതാക്കളായ എടികെയും ഐ ലീഗ് ജേതാക്കളായ മോഹന്‍ ബഗാനും തമ്മില്‍ ലയിച്ച് എടികെ മോഹന്‍ ബഗാനായിട്ടാണ് ഈ സീസണ് ഐഎസ്എലില്‍ ബൂട്ട് കെട്ടുന്നത്.
ഫൈനലും സെമിയും ഉള്‍പ്പെടെ ലീഗില്‍ ആകെ 115 മത്സരങ്ങള്‍ ഉണ്ടാകും. ലീഗ് റൗണ്ടില്‍ ഓരോ ടീമും 2 തവണ ഏറ്റുമുട്ടും; ഓരോ ടീമിനും 20 മത്സരങ്ങള്‍ വീതം. ലീഗ് റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ പോയിന്റ് പട്ടികയില്‍ ആദ്യ 4 സ്ഥാനങ്ങളില്‍ നില്ക്കുന്നവര് സെമിയിലേക്കു യോഗ്യത നേടും. 11ാം റൗണ്ട് വരെയുള്ള മത്സരക്രമമേ ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളൂ.