ചെങ്ങന്നൂര്‍: എസ്എസ്എല്‍സി പരീക്ഷ എഴുതിക്കഴിഞ്ഞ് പ്രണവ് നേരെ വീട്ടിലേക്ക് പാഞ്ഞു, അവസാനമായി അച്ഛനെ ഒരു നോക്കുകാണാന്‍. പെയിന്റിങ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റു മരിച്ച അച്ഛനെ അവസാനമായി കാണാന്‍, അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ പരീക്ഷഹാളില്‍ നിന്നും ഓടിയെത്തിയ മകനെ കണ്ടു ഒരു നാടുമുഴുന്‍ വിങ്ങിപ്പൊട്ടി.
ശനിയാഴ്ച വൈകിട്ടു ചെറിയാലുംമൂട് ജംഗ്ഷനു സമീപത്തെ വീട്ടില്‍ പെയിന്റിങ് ജോലിക്കിടെയാണ് ചാങ്ങമല മനോജ് ഭവനത്തില്‍ പ്രസന്നന് വൈദ്യുതാഘാതമേറ്റു മരിച്ചത്. ഇന്നലെ രാവിലെയാണ് സംസ്കാരം നിശ്ചയിച്ചിരുന്നത്.
എന്നാല്‍ വെണ്മണി ലോഹ്യ മെമ്മോറിയല്‍ ഹൈസ്കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ മകന് പ്രണവിനു കണക്ക് പരീക്ഷയായതിനാല്‍ സംസ്കാരം ഉച്ചയ്ക്കു രണ്ടു മണിക്കാക്കി. പരീക്ഷ എഴുതുന്നില്ലെന്നു പറഞ്ഞു കരഞ്ഞ പ്രണവിനെ സഹപാഠികളും അധ്യാപകരും നിര്‍ബന്ധിച്ചാണു പരീക്ഷയ്ക്കു കൊണ്ടുപോയത്. പന്ത്രണ്ടരയ്ക്കു പരീക്ഷ അവസാനിച്ചതും പ്രണവ് വീട്ടിലേക്കു പാഞ്ഞെത്തി അച്ഛനെ കാണാന്‍.