ആലപ്പുഴ: യുഡിഎഫ് കളത്തില്‍ പ്രചാരണം കൊഴുപ്പിക്കാനായി രാഹുല്‍ ഗാന്ധി എംപി ഇന്ന് ആലപ്പുഴയില്‍ എത്തും. എംപിയുടെ വരവിന്റെ ആവേശത്തിരക്കിലാണ് യുഡിഎഫ് സാരഥികള്‍.
വൈകിട്ട് 4 ന് അരൂരില്‍ എത്തുന്ന രാഹുല്‍ ഗാന്ധിയെ ഡിസിസിയുടെ നേതൃത്വത്തില്‍ സ്വീകരിക്കുമെന്നു ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന കെപിസിസി ജനറല്‍ സെക്രട്ടറി എഎ ഷുക്കൂര്‍ അറിയിച്ചു. തീരദേശ മണ്ഡലങ്ങളില്‍ റോഡ് ഷോ നടത്തുന്ന രാഹുല്‍ ഗാന്ധി 3 വേദികളില്‍ പ്രസംഗിക്കും.
എസ്പിജി പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ ദേശീയപാതയിലൂടെ കായംകുളം വരെയാണ് റോഡ് ഷോ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടാകും.
4.30ന് പൊന്നാംവെളിയില്‍ ടികെ സദാനന്ദന് കയര്‍ സൊസൈറ്റിയില്‍ കയര്‍ തൊഴിലാളികളുമായി സംവാദം. അരൂര്‍, ചേര്‍ത്തല മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി പട്ടണക്കാട് വയലാര്‍ കവലയില്‍ സമ്മേളനമുണ്ടാകും. 5.15ന് കൊമ്മാടി ബൈപാസ് ജംഗ്ഷനില്‍ ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങള്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.
ആലപ്പുഴ നഗരത്തിലൂടെ കടന്ന് ചേപ്പാട് ജംക്ഷനില്‍ ഹരിപ്പാട്, കായംകുളം മണ്ഡലങ്ങള്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും. രാത്രി എന്‍ടിപിസി ഗെസ്റ്റ് ഹൗസില്‍ താമസിക്കും.
നാളെ കോട്ടയം ജില്ലയില്‍ പര്യടനം നടത്തും. കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര മണ്ഡലങ്ങള്‍ക്കു വേണ്ടി രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പരിപാടി പിന്നീട് സംഘടിപ്പിക്കും. കൊവിഡ് മാനദണ്ഡങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗ നിര്‍ദേശങ്ങളും പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക.