മാരാരിക്കുളം: ഡ്രൈവറെ വെട്ടിച്ച് ടാക്സി കാറുമായി കടന്നുകളഞ്ഞ കള്ളനെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടി. ആലുവ മുപ്പത്തടം സ്വദേശി ഷിയാസിനെ (34)യാണ് അങ്കമാലിയില്‍ നിന്ന് ഇന്നലെ വൈകിട്ട് പോലീസ് പിടികൂടിയത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. ഇയാള്‍ ചേര്‍ത്തല ടാക്സി സ്റ്റാന്‍ഡില്‍ നിന്ന് ചേര്‍ത്തല ഓങ്കാരേശ്വരം തെക്കേനടിപറമ്പില് സുജിത്തിന്റെ കാര്‍ ആലപ്പുഴയ്ക്ക് ഓട്ടം വിളിച്ചു. തിരുവിഴയില്‍ എത്തിയപ്പോള്‍ സുജിത്തിനോട് വെളളം വാങ്ങിക്കൊണ്ടു വരാന്‍ ആവശ്യപ്പെട്ടു. സുജിത്ത് പുറത്തിറങ്ങിയപ്പോള്‍ ഷിയാസ് കാറുമായി കടന്നു.
തുടര്‍ന്ന് സുജിത്ത് മാരാരിക്കുളം പോലീസ് സ്റ്റേഷന് എത്തി പരാതിപ്പെട്ടു. നവമാധ്യമങ്ങളിലൂടെ ടാക്സി ഡ്രൈവര്‍മാരുടെ ഗ്രൂപ്പുകളുടെ ഇടപെടലും ഉണ്ടായി. വൈകിട്ട് മൂന്നരയോടെ അങ്കമാലിയില്‍ എത്തിയപ്പോള്‍ പോലീസ് കാര്‍ കസ്റ്റഡിയില്‍ എടുക്കുകയും മോഷ്ടാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് മാരാരിക്കുളം പോലീസിന് കൈമാറി.