ആലപ്പുഴ: കൊവിഡ് മഹാമാരി ലോകത്തെ കീഴടക്കിയിട്ട് ഒരാണ്ട് കഴിയുന്നു. ഈ ഒരു വര്‍ഷക്കാലമായി നാടിന് വേണ്ടി പോരാടുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകരോടും നമ്മള് കടപ്പെട്ടിരിക്കുകയാണ്. ജനങ്ങളോട് അവര്‍ക്കുള്ള കരുതല്‍ എന്നും വിലമതിക്കാനാവാത്തതാണ്. അത്തരത്തില്‍ കൊവിഡിനെതിരെ 24 മണിക്കൂറും പോരാടിയ കേരളത്തിലെ ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടുകയാണ്.
ദേശീയ വനിത കമ്മിഷന്റെ കൊവിഡ് വിമന്‍സ് വാരിയേഴ്സ് റിയല്‍ ഹീറോസ് പുരസ്കാരമാണ് ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ലേഡി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുല്ലയ്ക്കല് സാറ വില്ലയില്‍ വസന്തി ലാറയെ തേടിയെത്തിയിരിക്കുന്നത്. ഉറക്കമിളച്ച് 24 മണിക്കൂര്‍ ഡ്യൂട്ടി ചെയ്ത് കൊവിഡിനെതിരായ അശ്രാന്ത പരിശ്രമത്തിനാണ് ലാറ പുരസ്ക്കാരത്തിന് അര്‍ഹയായിരിക്കുന്നത്. കേരളത്തില്‍ നിന്നു ലാറയ്ക്ക് മാത്രമാണ് പുരസ്കാരം ലഭിച്ചത്.
തൃശൂരില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ജില്ലയില്‍ വേണ്ട മുന്‍കരുതല്‍ എടുക്കുന്നതിനും സജ്ജമാക്കുന്നതിനും മുന്നിട്ടിറങ്ങിയത് ലാറയാണ്. ചൈനയില്‍ നിന്നു എത്തിയ വിദ്യാര്‍ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ ജനങ്ങള്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ക്ലാസുകള്‍ എടുക്കാന്‍ ലാറ നേതൃത്വം നല്കി.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഏത് സമയത്തും ഒരു ഫോണ്‍ വിളിയില്‍ വസന്തി ലാറ സജീവമാണ്. കൊവിഡ് ബാധിതര്‍ക്ക് നിര്‍ദേശങ്ങള്‍ നല്കാന് മുന്‍കൈ എടുത്തതും ലാറയാണ്. എല്ലാത്തിനും ഭര്‍ത്താവ് ഷെബീര്‍ ഖാന് ഒപ്പമുണ്ട്. കൂടെ ദന്ത ഡോക്ടറായ മകന് ഇസ്മൈല്‍ ഷെബീര്‍ ഖാനും മെഡിക്കല്‍ വിദ്യാര്‍ഥിയായ മകള്‍ സാറയും. പിന്നെ സഹപ്രവര്‍ത്തകരും വലിയ രീതിയില്‍ പിന്തുണച്ചിട്ടുണ്ട് എന്നും ലാറ പറഞ്ഞു.
കഴിഞ്ഞ 31ന് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കറില്‍ നിന്നു ലാറ പുരസ്കാരം ഏറ്റുവാങ്ങി. 30 വര്‍ഷമായി ആരോഗ്യവകുപ്പില്‍ പ്രവര്‍ത്തിക്കുന്ന ലാറ 2015ല്‍ ആണ് ജനറല്‍ ആശുപത്രിയില്‍ എത്തിയത്. 2019ല്‍ പ്രളയകാലത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ലേഡി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കുള്ള അവാര്‍ഡും ലാറയ്ക്ക് ലഭിച്ചിട്ടുണ്ട്.