ആലപ്പുഴ: അരമണിക്കൂറിനുള്ളില്‍ 422 തവണ പിന്നിലേക്ക് തലകുത്തി മറിഞ്ഞ് അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടി ആലപ്പുഴയിലെ കൊച്ചുമിടുക്കന്. തത്തംപള്ളി കൈലാസത്തില്‍ എന്‍സിസി ഉദ്യോഗസ്ഥന് മഹേഷ്കുമാറിന്റെയും സുചിത്രയുടെയും മകന് നീലകണ്ഠന് നായര്‍ (9) ആണ് തലകുത്തി മറിഞ്ഞ് റെക്കോര്‍ഡ് സ്വന്തമാക്കിയത്.
ആലപ്പുഴ കാര്‍മല്‍ അക്കാദമിയിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് നീലകണ്ഠന്. ആറു വയസ്സു മുതല്‍ കളരിപ്പയറ്റ് പഠിക്കുന്ന നീലകണ്ഠന് കഴിഞ്ഞ വര്‍ഷം ജില്ലാതലത്തില്‍ 3 മെഡലുകളും സംസ്ഥാനതലത്തില്‍ ഒരു മെഡലും സ്വന്തമാക്കി.
തമിഴ്നാടിന്റെ ആയോധനകലയായ സിലംബത്തില് ദേശീയതലത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചു. കഴിഞ്ഞവര്‍ഷം നടന്ന അത്തര്‍ ബാപ്പു ഗുരുക്കള്‍ സ്മാരക മത്സരത്തില്‍ കളം ചവിട്ടു സമ്പ്രദായത്തില്‍ വടിവീശല്‍ ഇനത്തിലും നീലകണ്ഠന് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയ പുന്നപ്ര സ്വദേശിയും ‘ഏകവീര’ കളരിപ്പയറ്റ് അക്കാദമി അധ്യാപകനുമായ ഹരികൃഷ്ണന് ആണ് ഗുരു. നീലകണ്ഠന്റെ സഹോദരി വൈഷ്ണവിയും കളരി പഠിക്കുന്നുണ്ട്.