മാവേലിക്കര: അപൂര്‍വ്വ രോഗാവസ്ഥയില്‍ ജന്മനാ ശാരീരിക വെല്ലുവിളി നേരിടുന്ന 18കാരന് കാരുണ്യത്തിന്റെ താങ്ങായി സര്‍ക്കാരിന്റെ സാന്ത്വനസ്പര്‍ശം അദാലത്ത്. സെറിബ്രല്‍ പാള്‍സി മസ്കുലര്‍ സ്പാസം എന്ന രോഗം കീഴടക്കിയ ജസീം മുഹമ്മദ് (18)നാണ് മന്ത്രി ജി സുധാകരന് സഹായം ഉറപ്പു നല്‍കിയത്.
സ്വന്തമായി ഒരു ഇലക്ട്രിക് വീല്‍ചെയര്‍ ലഭിക്കണമെന്ന ആഗ്രഹത്തോടെയാണ് അമ്മാവന് അബ്ദുല്‍ മനാഫിനൊപ്പം ജസീം എത്തിയത്. എന്നാല്‍ മന്ത്രി ജി സുധാകരന് 25,000 രൂപയുടെ അടിയന്തര ധനസഹായം അനുവദിച്ചതിനൊപ്പം ഇലക്ട്രിക് വീല്‍ചെയറും നല്കുമെന്നു പറഞ്ഞു. ആവശ്യമെങ്കില്‍ കൂടുതല്‍ തുക അനുവദിക്കുന്നതിനായി ഉന്നത ഉദ്യേഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ജസീം. രണ്ട് എപ്ലസ് അടക്കം മികച്ച മാര്‍ക്കോടെയാണ് ജസീം പത്താം ക്ലാസ് വിജയിച്ചത്. മുട്ടം എസ്ജെ മന്‍സിലില്‍ സിനാജ് എം കെയുടേയും ശഫീനാ ബീവിയുടേയും മകനാണ് ഈ പതിനെട്ടുകാരന്.
അതേസമയം, വില്‍സണ്‍സ് ഡിസീസ് എന്ന രോഗത്താല്‍ ജീവിതം വഴിമുട്ടിയ രാഹുല്‍ കൃഷ്ണക്ക്(29) 25000 രൂപ മരുന്ന് വാങ്ങാന്‍ അനുവദിച്ചതിനു പുറമേ തുടര്‍ ചികിത്സാ സഹായം കൂടി കേരളത്തില്‍ തന്നെ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ജി സുധാകരന് ഉറപ്പു നല്കി.