വള്ളികുന്നം: വിദ്യാര്‍ത്ഥികള്‍ക്കു സ്വന്തം ചെലവില്‍ ടിവി, രോഗികള്‍ക്കായി അവശ്യസാധനങ്ങള്‍, ക്വാറന്റീനിലുള്ളവര്‍ക്ക് ഭക്ഷ്യകിറ്റുകള്‍…. തുടങ്ങി കൊവിഡ്കാലത്ത് സന്നദ്ധപ്രവര്‍ത്തനത്തനങ്ങള്‍ക്കായി ലക്ഷങ്ങള്‍ ചെലവഴിച്ച മലയാളിയുണ്ട് ആലപ്പുഴ മാവേലിക്കരയില്‍. കൊവിഡ് കാലത്ത് സന്നദ്ധപ്രവര്‍ത്തനത്തനങ്ങള്‍ക്കായി ഇതുവരെ 21 ലക്ഷത്തോളം രൂപയാണ് വള്ളികുന്നം തെക്കേമുറി എസ്എസ് മന്‍സിലില്‍ എ ഷിയാസ്ഖാന്‍(35) ചിലവഴിച്ചത്.
ലോക്ഡൗണ്‍കാലത്തു മലയാളികളുടെ മെഗാതാരം മമ്മൂട്ടി ഫേസ്ബുക്കിലിട്ട ഒരു കുറിപ്പാണ് ഷിയാസിനെ സേവനവഴിയിലേക്കെത്തിച്ചത്. മമ്മൂട്ടിയെ ഷിയാസ് ഇതുവരെ നേരിട്ടു കണ്ടിട്ടില്ല. ‘നമ്മളെ കരുതുന്നതുപോലെ മറ്റുള്ളവര്‍ക്കു നേരെയും നമ്മള് കരുതലുള്ളവരാകണം’ എന്ന താരത്തിന്റെ പോസ്റ്റ് ഷിയാസിനെ ഏറെ സ്പര്‍ശിച്ചു.
സന്നദ്ധപ്രവര്ത്തനങ്ങള്ക്കിടയില് ഇടയ്ക്കുവച്ച് സാമ്പത്തികബാധ്യത വന്നതിനാല്‍ സ്വന്തം സ്ഥലം വിറ്റു ആ തുകയും ഇതിനായി ഉപയോഗിച്ചു. 12 വര്‍ഷം ദുബായില്‍ പൈപ്പ് ഫാക്ടറി പ്രോജക്ട് എന്‍ജിനീയറായിരുന്നു ഷിയാസ്ഖാന്‍. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 12ന് ആണു ഇദ്ദേഹം അവധിക്ക് നാട്ടിലെത്തിയത്
നാട്ടിലെത്തുന്ന പ്രവാസികള്‍ക്കു ചെറിയ സഹായമെന്ന രീതിയിലാണ് പെയ്ഡ് ക്വാറന്റീന് സെന്ററുകളിലും വീടുകളില്‍ ക്വാറന്റീനിലുള്ളവര്‍ക്കും ഭക്ഷ്യകിറ്റുകളും കൊവിഡ്കെയര്‍ കിറ്റുകളുമെത്തിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് സെന്ററിലെ രോഗികള്‍ക്കുള്ള അവശ്യസാധനങ്ങളും എത്തിച്ചു.
ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കും കൊല്ലത്തെ കഥകളി കലാകാരന്മാര്ക്കും കായംകുളത്തു സര്‍ക്കസ് കലാകാരന്മാര്ക്കും ട്രാന്സ്ജെന്ഡറുകള്, മല്‍സ്യത്തൊഴിലാളികള്‍ എന്നിവര്‍ക്കും ഭക്ഷ്യകിറ്റുകളെത്തിച്ചു. ക്വാറന്റീനിലുള്ള സൈനികര്‍ക്കായി പ്രത്യേക സമ്മാനപ്പെട്ടികളായാണു ഷിയാസ് നല്‍കിയത്.
കൊവിഡിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകളായതോടെ 15 വിദ്യാര്‍ഥികള്‍ക്കു സ്വന്തം ചെലവില്‍ ടെലിവിഷനും 7പേര്‍ക്കു മൊബൈല്‍ഫോണും വാങ്ങി നല്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം ജില്ലകളിലുള്ള പെയ്ഡ് ക്വാറന്റീന് സെന്ററുകളിലും വീടുകളിലും പലതവണ സഹായം നല്കി. മാസ്ക്, സാനിറ്റൈസര്‍, ഗ്ലൗസ് എന്നിവയും പഴങ്ങളുടെ കിറ്റും നല്കുന്നു. കുറഞ്ഞത് 700 രൂപയുടെ ഉല്‍പന്നങ്ങളാണു കിറ്റുകളിലുണ്ടായിരുന്നത്.