ആലപ്പുഴ: അമേരിക്കയുടെ ഭരണമാറ്റത്തില്‍ കേരളത്തിന് അഭിമാനിക്കാന്‍ വകയുണ്ട്. അമേരിക്കയുടെ ദേശീയ സുരക്ഷാ കൗണ്‍സിലില്‍ ജനാധിപത്യ, മനുഷ്യാവകാശ വിഷയങ്ങളുടെ ഏകോപനച്ചുമതല പ്രസിഡന്റ് ജോ ബൈഡന് ഏല്പിച്ചത് കേരളത്തിന്റെ മകളായ ആലപ്പുഴക്കാരി ശാന്തി കളത്തിലിനെയാണ്. മുഹമ്മ കണ്ണങ്കര കളത്തില്‍ ജയിംസ് സക്കറിയ കളത്തിലിന്റെയും ചൈനീസ് തായ്പേയ് സ്വദേശിനി ലൂസിയയുടെയും മകളാണ് 49 കാരിയായ ശാന്തി കളത്തില്‍.
ഇന്റര്‍നാഷനല്‍ ഫോറം ഫോര്‍ ഡെമോക്രാറ്റിക് സ്റ്റഡീസിന്റെ സീനിയര്‍ ഡയറക്ടറായിരുന്നു ശാന്തി. ലോക ബാങ്ക് ഉള്‍പ്പെടെയുള്ള രാജ്യാന്തര ഏജന്‍സികളും സര്‍വകലാശാലകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുണ്ട്. നയതന്ത്രം, മാധ്യമ പ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
ഹോങ്കോങ്ങില്‍ ഏഷ്യന്‍ വോള്‍സ്ട്രീറ്റ് ജേണലിന്റെ ലേഖികയായും പ്രവര്‍ത്തിച്ച ശാന്തി ബറാക് ഒബാമയുടെ മുന്‍ സ്പെഷല്‍ അസിസ്റ്റന്റും ആണവായുധ വിരുദ്ധ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോണ്‍ വുള്ഫ്സ്താലിന്റെ ഭാര്യയാണ്. ഇവര്‍ക്കു 2 മക്കളുണ്ട്. ജയന് കളത്തിലാണ് സഹോദരന്.
ശാന്തി ജനിച്ചതും വളര്‍ന്നതും പഠിച്ചതും അമേരിക്കയിലാണെങ്കിലും ആലപ്പുഴയുമായുള്ള ബന്ധം മുറിച്ചിട്ടില്ല. 20 വര്‍ഷം മുന്‍പു മുത്തച്ഛനെയും മുത്തശ്ശിയെയും കാണാന്‍ കണ്ണങ്കരയില്‍ വന്നിരുന്നതായി ജയിംസിന്റെ അനുജന് പാപ്പച്ചന് കളത്തില്‍ പറഞ്ഞു. അമേരിക്കയിലെ വിവിധ സര്‍വകലാശാലകളില്‍ പ്രഫസറായിരുന്നു അന്തരിച്ച ജയിംസ് കളത്തില്‍. 40 വര്‍ഷം മുന്‍പാണു ജയിംസും പാപ്പച്ചനും അമേരിക്കയില്‍ എത്തിയത്.
.