മാരാരിക്കുളം: പോലീസുകാര്‍ക്ക് ചായയും കാപ്പിയും കൊടുക്കാന്‍ തുടങ്ങിയ നാള് മുതല്‍ മനസില്‍ കുടിയേറിയ ഒരു വലിയ സ്വപ്നം സാക്ഷാത്കരിക്കാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് ആലപ്പുഴ സ്വദേശിയായ മിഥുന്. കടുപ്പമുള്ള ചൂടു ചായ പോലീസുകാരുടെ കയ്യിലേക്കു നല്കുമ്പോള് മിഥുന്റെ മനസ്സിലും കാക്കിയോടുള്ള മോഹം തിളയ്ക്കുകയായിരുന്നു.
മാരാരിക്കുളം പോലീസ് സ്റ്റേഷനു സമീപം ചായക്കട നടത്തിവരുന്ന കുന്നത്തു വീട്ടില്‍ മനോഹരന്റേയും ഷൈലമ്മയുടെയും മകനായ എം മിഥുന് (23) സ്കൂള്‍ പഠനകാലം മുതല്‍ അച്ഛന്റെ കടയിലെ സഹായിയാണ്. ഈ കടയില്‍ നിന്നാണ് മാരാരിക്കുളം സ്റ്റേഷനിലെ പോലീസുകാര്‍ വര്‍ഷങ്ങളായി ചായ കുടിക്കുന്നത്. അവധി ദിനങ്ങളിലും മറ്റും ചായയുമായി മിഥുനും പോകുമായിരുന്നു സ്റ്റേഷനിലേക്ക്.
അച്ഛന്റെ കടയില്‍ നിന്നു പോലീസുകാര്‍ക്കുള്ള ചായയും കാപ്പിയും നിറച്ച ഗ്ലാസുകളുമായി സ്റ്റേഷനിലേക്ക് പോയിരുന്ന മിഥുന് ഇപ്പോള്‍ പോലീസ് അക്കാദമിയില്‍ സിവില്‍ പോലീസ് ഓഫിസറാകാനുള്ള പരിശീലനത്തിലാണ്.
ചേര്‍ത്തല എസ്എന്‍ കോളജില്‍ ബിഎസ്സി ബോട്ടണിക്കു പഠിക്കുമ്പോഴാണ് മിഥുന് പിഎസ്സി പരിശീലനം തുടങ്ങിയത്. മാരാരിക്കുളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് മനോജിന്റെ നിര്‍ദേശം സ്വീകരിച്ചാണ് പോലീസ് ടെസ്റ്റിനുള്ള പരിശീലനം മിഥുന് ആരംഭിച്ചത്.
കാവുങ്കലിലെ കേന്ദ്രത്തില്‍ പരിശീലനം തുടങ്ങി. തുടര്‍ന്ന് 2018ലെ പിഎസ്സി പരീക്ഷാ ലിസ്റ്റ് കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ചപ്പോള്‍ മിഥുന് 415ാം റാങ്ക് നേടി. പിന്നാലെ കായികക്ഷമതാ പരീക്ഷയും ജയിച്ചുകയറി. കഴിഞ്ഞ 2ന് തൃശൂര്‍ രാമവര്‍മപുരം പോലീസ് അക്കാദമിയില്‍ പരിശീലനം തുടങ്ങി.
പോലീസുകാരനായി മടങ്ങിയെത്തുന്ന മകനുള്ള ചായയുമായി ആ സ്റ്റേഷനിലേക്കൊന്നു പോകണം എന്നാണ് മനോഹരന്റെ ഇപ്പോഴത്തെ മോഹം. മിഥുന്റെ സഹോദരി മനീഷയും പിഎസ്സി പരിശീലനത്തിലാണ്.