കായംകുളം: കായംകുളം നഗരത്തിലെ രണ്ട് കടകളില്‍ കള്ളന് കയറി 26500 രൂപ അപഹരിച്ചു. നഗരസഭ ഷോപ്പിങ് കോംപ്ലക്സില്‍ അഹമ്മദ് കുട്ടിയുടെ ഉടമസ്ഥതയിലുള്ള മെഡിഹൗസ് മരുന്ന് കടയില്‍ നിന്ന് 25,000 രൂപയും മോഷണം ഷോപ്പിങ് കോംപ്ലക്സിന് എതിര് ഭാഗത്ത് കൃഷ്ണകുമാര്‍ രാംദാസിന്റെ ഉടമസ്ഥതയിലുള്ള റാം ചുരിദാര്‍ ഷോപ്പില്‍ നിന്നും 1500 രൂപയും 12 ചുരിദാറുകളുമാണ് നഷ്ടമായത്.
കടകളുടെയും ഷട്ടറുകളുടെ താഴുകള്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. കായംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപമുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.
അതേസമയം, കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറി കടകളില്‍ മോഷണം നടത്തുന്ന യുവാവ് പോലീസ് പിടിയിലായി. ഈരാറ്റുപേട്ട പ്ലാശനാല്‍ കാനാട്ട് ശ്രീജിത്ത് (36) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മൂന്നു കടകളില്‍ മോഷണം നടത്തിയ ശ്രീജിത്ത് പുലര്‍ച്ചെയാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞയാഴ്ച ടൗണിലെ മൂന്നു പച്ചക്കറി കടകളില്‍ മോഷണം നടത്തിയതും ശ്രീജിത്ത് ആയിരുന്നുവെന്നു പോലീസ് പറയുന്നു.
പുത്തനങ്ങാടി റോഡിലെ എസ് എസ് പച്ചക്കറിക്കട, പേട്ടക്കവലയില്‍ അമരീസ് ഫ്രൂട്ട് സ്റ്റാള്‍, എംകെ അബ്ദുല്‍ കരീമിന്റെ പച്ചക്കറി കട, എന്നിവിടങ്ങളില്‍ മോഷണം നടത്തിയ ശേഷം ബസ് സ്റ്റാന്‍ഡ് ജംക്ഷനിലെ ഒരു കെട്ടിടത്തിനു മുകളില്‍ അതിഥി തൊഴിലാളികള്‍ക്കൊപ്പം കിടന്നുറങ്ങി. പുലര്‍ച്ചെ സംശയം തോന്നിയ തൊഴിലാളികള്‍ ടൗണിലെ ചുമട്ടുതൊഴിലാളികളോട് വിവരം പറഞ്ഞു. ഇവര്‍ ഇയാളെ തടഞ്ഞുവച്ച ശേഷം അറിയിച്ചതനുസരിച്ച് പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.