ചേര്‍ത്തല: തണ്ണീര്‍മുക്കത്തെ തിരഞ്ഞെടുപ്പു ഗോദയില്‍ അല്‍ഫോണ്‍സ് എന്ന തോമാച്ചന് ഹിറോയാണ്. സംഭവം കേട്ടിട്ട് തോമാച്ചന് സ്ഥാനാര്‍ത്ഥിയാണെന്ന് തെറ്റുദ്ധരിക്കേണ്ട, ചുവരെഴുത്തിലൂടെ തെരഞ്ഞെടുപ്പ് കാലത്ത് ശ്രദ്ധനേടിയ 10 വയസ്സുകാരനാണ് തോമാച്ചന്.
തണ്ണീര്‍മുക്കം ജിയോഭവനില് സെബാസ്റ്റ്യന്‍ തോമസ്-ജെസി ദമ്പതിമാരുടെ മകനാണ് അല്‍ഫോണ്‍സ്. സംസ്ഥാനത്തുതന്നെ ഏറ്റവും പ്രായംകുറഞ്ഞ ചുവരെഴുത്തുകാരനാകുകയാണ് തോമാച്ചന്. വരയോടുള്ള ഇഷ്ടത്തിലൂടെയാണ് തണ്ണീര്‍മുക്കം നിര്‍മല ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അഞ്ചാംക്ലാസുകാരനായ തോമാച്ചന് ചുവരെഴുതാനിറങ്ങിയത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വീട്ടിലെ മതിലില്‍ എഴുതാനെത്തിയപ്പോള്‍ തോന്നിയ കൗതുകമാണ് ഇക്കുറി ആര്‍ട്ടിസ്റ്റിന്റെ വലിയ സഹായിയാക്കിമാറ്റിയത്. വരയോടിഷ്ടമുണ്ടെങ്കിലും പഠിച്ചിട്ടില്ല. വീട്ടിലെ മതിലില്‍ ആര്‍ട്ടിസ്റ്റ് സാനു എഴുതാന്‍ ബ്രഷ് നല്കിയപ്പോള് കാട്ടിയ വൈഭവമാണ് തുടര്‍ എഴുത്തിലെ കൂട്ടാളിയാക്കിയത്.
ഇപ്പോള്‍ സ്കെച്ചുപോലുമിടാതെ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവുമെല്ലാം തോമാച്ചനെഴുതും.ഒരു മതിലില്‍ എഴുതുന്നതു കണ്ടാല്‍പ്പിന്നെ അടുത്ത മതിലില്‍ അതുപ്രകാരംതന്നെ എഴുതുന്ന ഇവന് അദ്ഭുതമാണ്. നല്ല പരിശീലനം നല്കിയാല് വലിയ ആര്‍ട്ടിസ്റ്റായി വളരുമെന്ന് ആര്‍ട്ടിസ്റ്റായ സാനു സിംബല്‍ പറഞ്ഞു.
വരയോട് താത്പര്യമുള്ളതുകൊണ്ടാണ് വീട്ടുകാരും കൈതെളിയാന്‍ ചുവരെഴുത്തിനു പരിചയക്കാരനായ സാനുവിനൊപ്പം വിട്ടത്. സ്വന്തം വാര്‍ഡും കടന്ന് ഗ്രാമപ്പഞ്ചായത്തിലെ ആറ്്, ഏഴ്, എട്ട്, 10, 11 വാര്‍ഡുകളിലേക്കും എഴുത്തു നീണ്ടു. ഇരുപതിലധികം മതിലുകളില്‍ ഇതുവരെ ആശാനൊപ്പം എഴുതിക്കഴിഞ്ഞു.