ആലപ്പുഴ: വലയില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കുന്നതിനിടെ കടിയേറ്റ് ചികിത്സയിലുള്ളയാള്‍ മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കള്‍. മരണകാരണം അധികൃതര്‍ വ്യക്തമാക്കിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി.
കുത്തിയതോട് പറയകാട് ഇടമുറി ശശിധരന് (72) ആണ് മരിച്ചത്.
പൂച്ചയുടെ കടിയേറ്റ് തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പേവിഷ പ്രതിരോധ കുത്തിവയ്പ് എടുത്ത ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടിയ ശശിധരന് ബുധനാഴ്ചയാണു മരിച്ചത്. ഓഗസ്റ്റ് 21ന് ആണു ശശിധരനു പൂച്ചയുടെ കടിയേറ്റത്.
also read: ഗണേശ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്നതിനിടെ മുങ്ങിമരിച്ചത് ആറ് പേര്, നിരവധി പേര് ഒഴുക്കില്‍പ്പെട്ടു
വല്യതോട് മീന്‍ വളര്‍ത്തല്‍ കേന്ദ്രത്തിനു സമീപം വൈകിട്ട് 7 മണിയോടെ വലയില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണു ഇയാള്‍ക്ക് കടിയേറ്റത്. തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ കുത്തിവയ്പ് എടുത്ത ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രഇവിടെ രണ്ടു മണിക്കൂര്‍ നിരീക്ഷിച്ച ശേഷം ശശിധരനെ തിരിച്ചയച്ചു. തുറവൂരില്‍ എത്തിയപ്പോഴേക്കും തലചുറ്റലുണ്ടായതോടെ വീണ്ടും തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ സോഡിയവും ഷുഗറും കുറഞ്ഞു. സ്ഥിതി മെച്ചപ്പെട്ട് വീട്ടില്‍ എത്തിയെങ്കിലും വീണ്ടും കുഴഞ്ഞു വീണു.
വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധനകളും ഒട്ടേറെത്തവണ സ്കാനിങ്ങും നടത്തി. 7ന് രാത്രി ഹൃദായാഘാതം ഉണ്ടായി 11 മണിയോടെ മരിക്കുകയായിരുന്നുവെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. സംഭവത്തില്‍ ആശുപത്രി അധികൃതരുടെ പ്രതികരണം ലഭ്യമായിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.