തിരുവനന്തപുരം: ടൈല്‍സ് കയറ്റിവന്ന കണ്ടെയ്നര്‍ ലോറി നിയന്ത്രണംവിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയിലാണ് സംഭവം. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. അതേസമയം, വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം. കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവറായ കൊച്ചി സ്വദേശി ബാബു(23)വിനാണ് പരിക്കേറ്റത്. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയില്‍നിന്ന് ടൈല്‍സുമായി പരശുവയ്ക്കലിലെ കടയിലേക്കു പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് നെയ്യാറ്റിന്‍കര പൊലീസ് പറഞ്ഞു.അപകടത്തില്‍ ലോറിയുടെ ഡ്രൈവര്‍ കാബിന് പൂര്‍ണമായും തകര്‍ന്നു. ഇതിനകത്ത് കുടുങ്ങിപ്പോയ ബാബുവിനെ നെയ്യാറ്റിന്‍കര അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ പദ്മകുമാറിന്റെ നേതൃത്വത്തിലാണ് പുറത്തെടുത്തത്.
ഒരുമണിക്കൂറോളം പണിപ്പെട്ടാണ് പുറത്തെടുത്തത്. ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് കാബിന് വെട്ടിപ്പൊളിച്ചു. ബാബുവിനെ ആദ്യം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.