ന്യൂഡല്‍ഹി: ഗണേശ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്നതിനിടെ ആറ് പേര് മുങ്ങിമരിച്ചു. ഹരിയാനയിലെ മഹേന്ദര്‍ഗഡ്, സോനിപത് ജില്ലകളിലാണ് ദാരുണസംഭവം. നാല് യുവാക്കളാണ് മഹേന്ദര്‍ഗഡിലെ കനാലില്‍ മുങ്ങിമരിച്ചത്. സോനിപത്തിലെ യമുന നദിയില്‍ രണ്ട് പേരും മുങ്ങിമരിച്ചു.
വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ഏഴടിയോളം ഉയരമുള്ള വിഗ്രഹം നിമജ്ജനത്തിനായി കൊണ്ടുപോകുന്നതിനിടെ് ഒമ്പത് യുവാക്കള്‍ മഹേന്ദര്‍ഗഡിലെ കനാലില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ജില്ലാ ഭരണകൂടം എന്‍ഡിആര്‍എഫിന്റെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം.
ഇതില്‍ നാലുപേര്‍ മരിക്കുകയും മറ്റുള്ളവരെ രക്ഷപ്പെടുത്തുകയും ചെയ്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അതേസമയം, മഹേന്ദ്രഗഡ്, സോനിപത് ജില്ലകളിലെ ഗണപതി വിഗ്രഹ നിമജ്ജനത്തിനിടെ നിരവധി പേര് മുങ്ങി മരിച്ചെന്ന വാര്‍ത്ത ഹൃദയഭേദകമാണെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ട്വിറ്ററില്‍ കുറിച്ചു.
‘ഞങ്ങള്‍ എല്ലാവരും ഈ ദുഷ്കരമായ സമയത്ത് മരിച്ചവരുടെ കുടുംബത്തോടൊപ്പം നില്ക്കുന്നു. എന്‍ഡിആര്‍എഫ് ടീം നിരവധി ആളുകളെ രക്ഷിച്ചു. അവര്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നതിന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു,’ ഖട്ടര്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.