പത്തനംതിട്ട; ഓടയിലേക്ക് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവിന്റെ തലയില്‍ കമ്പി കുത്തിക്കയറി. പത്തനംതിട്ടയിലാണ് നടുക്കുന്ന സംഭവം. വള്ളിക്കോട് സ്വദേശിയും മുപ്പത്തിനാലുകാരനുമായ യദുകൃഷ്ണന് ആണ് അപകടത്തില്‍പ്പെട്ടത്.
യദു സഞ്ചരിച്ചിരുന്ന ബൈക്ക് ഇന്റര്‍ലോക്ക് പാകിയ റോഡില്‍ നിന്ന് തെന്നി തുറന്നുകിടക്കുകയായിരുന്ന ഓടയിലേക്ക് വീഴുകയായിരുന്നു. ഓടയുടെ അടുത്തായി പഴയ കോണ്‍ക്രീറ്റ് സ്ലാബില്‍ നിന്ന് തള്ളിനിന്ന ഇരുമ്പ് കമ്പി യദുവിന്റെ തലയിലൂടെ തുളച്ചുകയറുകയായിരുന്നു.
യദുവിനൊപ്പം ബൈക്കില്‍ യാത്രചെയ്ത ബന്ധുവായ രണ്ടര വയസ്സുകാരന് കാശിനാഥ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. കമ്പി തലയില്‍ കയറി ഇറങ്ങിയ നിലയില്‍ ആയതിനാല്‍ രക്ഷാപ്രവര്‍ത്തനം നന്നേ ബുദ്ധിമുട്ടി. അരമണിക്കൂറോളം നേരം കഴിഞ്ഞാണ് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത്.
അടുത്ത ദിവസം യദുവിന്റെ വിവാഹം നിശ്ചയം നടക്കാനിരിക്കുകയായിരുന്നു. അതുകഴിഞ്ഞ് വിദേശത്തേക്ക് മടങ്ങാനിരിക്കെയാണ് അപകടമുണ്ടായത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച യദുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.