പാലക്കാട്: യുവതിയെ കഴുത്തു ഞെരിച്ചുകൊലപ്പെടുത്തിയ ശേഷം യുവാവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരിയിലാണ് സംഭവം. കോന്നല്ലൂര്‍ ശിവദാസന്റെ മകള്‍ സൂര്യപ്രിയയാണ് മരിച്ചത്. 24 വയസായിരുന്നു.
അഞ്ചുമൂര്‍ത്തി മംഗലം ചീക്കോട് സ്വദേശി സുജീഷാണ് സൂര്യപ്രിയയെ കൊലപ്പെടുത്തിയത്. ഇയാള്‍ യുവതിയുടെ വീട്ടിലെത്തി കൊലപ്പെടുത്തുകയായിരുന്നു. ഇന്നു രാവിലെയായിരുന്നു സംഭവം. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് സുജീഷ് എത്തിയത്.
കൊലപാതകത്തിന് ശേഷം സുജീഷ് പൊലീസ് സ്റ്റേഷിലെത്തി കീഴടങ്ങിയതോടെയാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്. ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെത്തിയതിന് പിന്നാലെ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി.
തുടര്‍ന്ന് സുജീഷ് സൂര്യപ്രിയയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സൂര്യ പ്രിയ ഡിവൈഎഫ്ഐ കോന്നല്ലൂര്‍ യൂണിറ്റ് സെക്രട്ടറിയും ചിറ്റിലഞ്ചേരി മേഖല കമ്മിറ്റിയംഗവും മേലാര്‍കോട് പഞ്ചായത്ത് സിഡിഎസ് അംഗവുമാണ്.