പാലക്കാട്: അരമണിക്കൂറിനിടെ തെരുവുനായയുടെ കടിയേറ്റത് പത്തുപേര്‍ക്ക്. പാലക്കാട് നഗരത്തിലാണ് സംഭവം. കൊപ്പത്തിനും ചന്ദ്രനഗറിനുമിടയിലാണ് ബൈക്ക് യാത്രികനെ ഉള്‍പ്പെടെ നായ കടിച്ച് പരുക്കേല്‍പ്പിച്ചത്. കടിയേറ്റ ഏഴുപേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൃഗസംരക്ഷണ വകുപ്പ് പിടികൂടിയ നായയ്ക്ക് പേവിഷബാധയുണ്ടെന്നും സംശയമുണ്ട്. യാതൊരു പ്രകോപനവുമില്ലാതെ തെരുവുനായ ബൈക്കില്‍ കയറാന്‍ ശ്രമിക്കുന്ന യുവാവിനെ കടിച്ച് പരുക്കേല്‍പ്പിക്കുന്ന ദൃശ്യം. സമാന രീതിയിലാണ് ചന്ദ്രനഗറിനും കൊപ്പത്തിനുമിടയില് കോഴിക്കോട് ബൈപ്പാസില്‍ നായ ഭീതിപരത്തിയത്.
also read: വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞു, പ്രതി 21കാരനായ ബംഗാള്‍ സ്വദേശി, തിരച്ചില്‍ ഊര്‍ജിതം
നായ ബൈക്കുകാരെയും നടന്നു പോകുന്നവരെയും വെറുതെ വിട്ടില്ല. നാട്ടുകാരെ തെരുവുനായ ആക്രമിക്കുന്നുവെന്ന വിവരമറിഞ്ഞ് എത്തിയ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനിലെ രണ്ട് സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് മൃഗസംരക്ഷണ വകുപ്പിനെ വിവരം അറിയിച്ചത്.
പിന്നാലെ ഉദ്യോഗസ്ഥരെത്തി ആക്രമിച്ച നായയെ പിടികൂടിയെങ്കിലും ഇതേ നായ കൂടുതല്‍ വളര്‍ത്തു നായ്ക്കളെ ഉള്‍പ്പെടെ ആക്രമിച്ചിട്ടുണ്ട്. ഇവയെ അടുത്ത ദിവസം പിടികൂടി പരിശോധിക്കും. പാലക്കാട് നഗരത്തില്‍ ഒരാഴ്ചയ്ക്കിടെ നാലിടങ്ങളില്‍ തെരുവുനായ പിന്തുടര്ന്നത് കാരണം ബൈക്ക് അപകടത്തില്‍പ്പെട്ട് യാത്രികര്‍ക്ക് പരുക്കേറ്റിരുന്നു.