കൊല്ലം: മാസ്ക് വെക്കാന്‍ പറഞ്ഞതില്‍ പ്രകോപിതരായി നീണ്ടകര ഗവണ്മെന്റ് താലൂക്ക് ആശുപത്രിയില്‍ ആയുധവുമായി ആക്രമണം നടത്തി മൂന്നംഗ സംഘം. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. സ്റ്റാഫ് നഴ്സ് ശ്യാമിലി, സുരക്ഷാ ജീവനക്കാരന് ശങ്കരന്‍കുട്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
നീണ്ടകര താലൂക്ക് ആശുപത്രിയ്ക്ക് നേരെയുണ്ടായ ആക്രമണം അപലപനീയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സെക്യൂരിറ്റി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെയാണ് ആക്രമിച്ചിരിക്കുന്നത്. അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്നും പോലീസ് കമ്മീഷണറെ വിളിച്ച് വിശദാംശങ്ങള്‍ തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഈ മാസം 19നായിരുന്നു സംബവം. അക്രമി സംഘം അത്യാഹിത വിഭാഗത്തിലെ ഫാര്‍മസിയുടെ ഗ്ലാസ് ചില്ലുകളും മരുന്നുകളും അടിച്ചു തകര്‍ത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ശ്യാമിലിയെ ചവിട്ടി താഴെയിട്ടു. നഴ്സിനെ ആക്രമിക്കുന്നത് തടയാനെത്തിയ ഡ്യൂട്ടി ഡോക്ടര്‍ ഉണ്ണിക്കൃഷ്ണനെ കമ്പി വടി കൊണ്ട് അടിക്കാന്‍ ശ്രമിച്ചെങ്കിലും ഒഴിഞ്ഞു മാറിയതിനാല്‍ പരിക്കേറ്റില്ല.
പരിക്കേറ്റ നഴ്സിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രണ്ടു ദിവസം മുന്‍പ് രോഗിയോടൊപ്പം എത്തിയയാളോട് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ മാസ്ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് ചോദ്യം ചെയ്ത യുവാവ് അന്ന് ആശുപത്രിയില്‍ ബഹളം ഉണ്ടാക്കുകയും നഴ്സ് ശ്യാമിലിയോടു മോശമായി പെരുമാറുകയും ചെയ്തു.
ഇതു സംബന്ധിച്ചു ആശുപത്രി അധികൃതര്‍ ചവറ പൊലീസില്‍ പരാതി നല്കി. ഇതിന്റെ വൈരാഗ്യമാകാം ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നു. മാസ്ക് വയ്ക്കാന്‍ പറഞ്ഞത് പ്രകോപന കാരണമായെന്ന് നഴ്സ് ശ്യാമിലി പറഞ്ഞു. രോഗിക്ക് ചികിത്സ നിഷേധിച്ചില്ലെന്നും നഴ്സ് കൂട്ടിച്ചേര്‍ത്തു.